Image Credit: AFP

  • 'ഫുട്ബോളില്‍ എല്ലാം ചെയ്യാനും അതിന്‍റെ ഉന്നതങ്ങളിലെത്തിച്ചേരാനും എനിക്ക് കഴിഞ്ഞു. പലതരം അനുഭവങ്ങളും പുതിയ പാഠങ്ങളും പഠിച്ചു. ഫുട്ബോള്‍ ഒരു ജീവിതചര്യയാണ്. അത് നിങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. മൂല്യങ്ങളും, ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുന്ന ബന്ധങ്ങളും സമ്മാനിക്കും'

എട്ട് ബലോന്‍ ദ് ഓറുകള്‍, ചാപ്യന്‍സ് ലീഗ് കിരീടം, ലോകകപ്പ്, തുടര്‍ച്ചയായ രണ്ടാം വട്ടവും ലോകകപ്പ് ഫൈനല്‍... ഫുട്ബോളില്‍ പ്രാപ്യമായതെല്ലാം നേടി ലയണല്‍ മെസ്സി അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ ദിവസം ലീഗ് മല്‍സരത്തില്‍ ഇന്‍റര്‍ മയാമിക്കായി ഇറങ്ങിയ താരം രണ്ട് ഗോളുകളും നേടിയിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ ചില പശ്ചാത്താപങ്ങളുണ്ടെന്ന് തുറന്ന് പറയുകയാണ് താരം.  അതിലൊന്ന് ഇംഗ്ലിഷ് സംസാരിക്കന്‍ അറിയാത്തതാണെന്ന് മെസ്സി തുറന്ന് പറയുന്നു. ഇംഗ്ലിഷ് അറിയാത്തതിനാല്‍ മാത്രം ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായെന്നും മറിച്ചായിരുന്നുവെങ്കില്‍ ചിലരുമായൊക്കെ കൂടുതല്‍ സംസാരിക്കാമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. Also Read: ഡബിളടിച്ച് മെസ്സി; ഇന്‍റര്‍മയാമിക്ക് തകര്‍പ്പന്‍ ജയം

രാജ്യാന്തരതലത്തില്‍ തിളങ്ങിയപ്പോഴും സ്പാനിഷ് വിട്ടൊരു കളിക്ക് മെസ്സി തയാറല്ലായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം താരം സ്പാനിഷ് മാത്രം സംസാരിച്ചു. അവശ്യഘട്ടങ്ങളില്‍ ട്രാന്‍സ്‌ലേറ്ററുടെ സഹായവും തേടി. ഇംഗ്ലിഷ് പഠിക്കാമായിരുന്ന സമയത്ത് താന്‍ അതിന് മെനക്കെട്ടില്ലെന്നും താരം മെക്സിക്കന്‍ പോഡ്കാസ്റ്റായ മിറോ ഡി അട്രാസില്‍  പറഞ്ഞു. 'എനിക്ക് ഒരുപാട് കാര്യങ്ങളില്‍ കുറ്റബോധമുണ്ട്. പയ്യനായിരുന്ന കാലത്ത് ഇംഗ്ലിഷ് പഠിച്ചില്ല. പഠിക്കണമായിരുന്നു. അതില്‍ ഞാന്‍ ഖേദിക്കുന്നു'- മെസ്സി പറഞ്ഞു. 

'വളരെ പ്രധാനപ്പെട്ട ചില വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമായൊക്കെ സംസാരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇംഗ്ലിഷ് അറിയാത്തതിനാല്‍ അത് നടന്നില്ല. ഞാനെപ്പോഴും ഓര്‍ക്കും, എന്തൊരു വിഡ്ഢിയാണ് ഞാന്‍. വെറുതേ സമയം കളഞ്ഞല്ലോ എന്ന്. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ക്കിത് മനസിലാകില്ല. നല്ല വിദ്യാഭ്യാസത്തിന്‍റെയും, പഠിക്കേണ്ടതിന്‍റെയും ആവശ്യത്തെ കുറിച്ച് ഞാന്‍ എന്‍റെ കുട്ടികളോട് ഇപ്പോള്‍ പറഞ്ഞു കൊടുക്കാറുണ്ട്. ഭാഷയില്‍ പ്രാവീണ്യം നേടണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എനിക്കുണ്ടായിരുന്ന അവസ്ഥയല്ല അവര്‍ക്കിന്നുള്ളത്'- മെസ്സി പറഞ്ഞു. 

അര്‍ജന്‍റീനയിലെ തന്‍റെ അവസാന സ്കൂള്‍ വര്‍ഷം ഒരു ദുരന്തമായിരുന്നുവെന്നും താരം തുറന്ന് പറഞ്ഞു. 'ബാഴ്സലോണയിലേക്ക് പോകുകയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നെപ്പോലെ ബാഴ്സലോണയിലേക്ക് എത്തിയ കുട്ടികള്‍ക്കൊപ്പമാണ് ഞാനും ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫുട്ബോളില്‍ എല്ലാം ചെയ്യാനും അതിന്‍റെ ഉന്നതങ്ങളിലെത്തിച്ചേരാനും എനിക്ക് കഴിഞ്ഞു.  പലതരം അനുഭവങ്ങളും പുതിയ പാഠങ്ങളും പഠിച്ചു. ഫുട്ബോള്‍ ഒരു ജീവിതചര്യയാണ്. അത് നിങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. മൂല്യങ്ങളും, ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുന്ന ബന്ധങ്ങളും സമ്മാനിക്കും. അറിയാത്ത നാടുകളിലേക്ക് നിങ്ങളെ എത്തിക്കും'- മെസ്സി പറഞ്ഞു. 

ENGLISH SUMMARY:

Football legend Lionel Messi has opened up about one of his biggest regrets in life: not learning English when he was younger. Speaking on the Mexican podcast Miro de Atrás, Messi said his inability to speak English prevented him from having meaningful conversations with several important people he had the opportunity to meet. He admitted that he often wonders why he wasted time instead of learning the language and now encourages his children to value education and become proficient in languages