Ai Generated Image
ആനയുടെ ചവിട്ടേറ്റ് 80കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ കതർനിയാഘട്ട് വന്യജീവി സങ്കേത്തിനടുത്താണ് സംഭവം നടന്നത്. കതർനിയാ ഫോറസ്റ്റ് റേഞ്ചിലെ ഭവാനിപൂർ ഗ്രാമവാസിയായ കുവാരിയാ ദേവി എന്ന സ്ത്രീയാണ് ഒറ്റയാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 2 മാസത്തിനിടെ മൂന്നാമത്തെ കാട്ടാന ആക്രമമാണിതെന്ന് അധികൃതര്‍ പറയുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെ കാടിന്‍റെ അതിര്‍ത്തിയില്‍ ആട് മേയ്ക്കാന്‍ പോയതാണ് കുവാരിയാ ദേവി. കൂട്ടത്തില്‍ ഒരാടിനെ കാണാതയതോടെ ഉള്‍ക്കാട്ടിലേക്ക് അന്വേഷിക്കാനിറങ്ങിയപ്പോഴാണ് കുവാരിയാ ദേവിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കുവാരിയാ ദേവിയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ കാട്ടാന പിന്നാലെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
കുവാരിയാ ദേവിയുടെ കരച്ചില്‍ കേട്ട സമീപവാസികളായ കര്‍ഷകര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന ഏറെ നേരം സ്ഥലത്ത് നിലകൊണ്ട ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. ആനയുടെ ആക്രമണത്തിന് പിന്നാലെ തന്നെ കുവാരിയാ ദേവിയുടെ മരണം സംഭവിച്ചെന്ന് കതർനിയാഘട്ട് വന്യജീവി സങ്കേതത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അപൂർവ ദീക്ഷിത് പറയുന്നു. അന്നേദിവസം തന്നെ കാട്ടാന വയലില്‍ എത്തി വലിയ കൃഷിനാശമുണ്ടാക്കിയാതായും ഗ്രാമവാസികൾ പറയുന്നു.
അതേസമയം പൊലീസും വനംവകുപ്പ് സംഘവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുവാരിയാ ദേവിയുടെ ബന്ധുക്കൾക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകിയതായും സർക്കാർ ചട്ടപ്രകാരം 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.