പത്തനംതിട്ട വടശേരിക്കരയില്‍ കാന്‍സര്‍ രോഗിയും മകനും സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന ആക്രമിച്ചു. കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അദ്ഭുതകരമായി. ആശുപത്രിയില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ത്തതോടെ കുടുംബവും പ്രതിസന്ധിയിലായി.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് കുമ്പളത്താമണ്‍ ബാലപാടി സ്വദേശികളായ അനിയനും മകന്‍ ലിജിനും സഞ്ചരിച്ച കാര്‍ കാട്ടാന ആക്രമിച്ചത്. പ്രധാന റോഡില്‍ വച്ചാണ് കാട്ടാന പാഞ്ഞെത്തിയത്. കാന്‍സര്‍ രോഗിയായ അനിയന്‍റെ ചികില്‍സക്കായി ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഡ്രൈവറുടെ ഭാഗത്ത് കൊമ്പുകൊണ്ട് കുത്തി കാര്‍ താഴ്ചയിലേക്ക് മറിച്ചു. അല്‍പം കൂടി കാര്‍ നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ താഴ്ചയിലേക്ക് മറിഞ്ഞേനെ.

അപകടത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അനിയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ തകര്‍ന്നതോടെ ആശുപത്രിയില്‍ പോകാന്‍ എന്തു ചെയ്യും എന്നാണ് അനിയന്‍റെ ആശങ്ക. വനംവകുപ്പിന്‍റെ നഷ്ടപരിഹാരം ഏത് കാലത്ത് കിട്ടുമെന്നറിയില്ലെന്ന് അനിയന്‍ പറയുന്നു. ആക്രമണത്തിന് ശേഷം കാട്ടാന കല്ലാര്‍ കടന്ന് ഒളിക്കല്‍ വനമേഖലയിലേക്ക് മറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പട്ടാപ്പകല്‍ കാട്ടാന കാര്‍ ആക്രമിച്ചതോടെ ഭീതിയിലാണ് നാട്. 

ENGLISH SUMMARY:

Wild elephant attack Kerala news reports a harrowing incident where a car carrying a cancer patient and his son was attacked by a wild elephant in Vadasserikkara. Thankfully, the occupants escaped miraculously, but the destruction of their vehicle, used for medical treatment, has left the family in a difficult situation.