പന്തളത്ത് ആറു മാസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞു പണി തുടങ്ങിയ രണ്ട് ലൈഫ് ഫ്ലാറ്റുകളുടെ നിര്‍മാണം ആറു വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. 44 കുടുംബങ്ങളാണ് ഫ്ലാറ്റ് കാത്തിരിക്കുന്നത്. പണിനിലച്ച് കാടു കയറി പാമ്പു ശല്യമായതോടെ സമീപത്തെ അംഗന്‍വാടിയിലെ കുട്ടികളും അയല്‍ക്കാരുമടക്കം ഭീതിയിലാണ്.

പന്തളം മുടിയൂര്‍ക്കോണത്താണ് 72 സെന്‍റ് സ്ഥലത്തെ ഫ്ലാറ്റ് നിര്‍മാണം. ആറ് മാസത്തിനകം പണി തീര്‍ക്കുമെന്ന് പറഞ്ഞ് തുടങ്ങിയത് 2020 സെപ്റ്റംബറില്‍. ഫണ്ട് മാറാത്തതും കോവിഡുമൊക്കെ തടസമായി എന്നാണ് വിശദീകരണം. രണ്ട് ഫ്ലാറ്റുകളില്‍ ഒന്നിന്‍റെ പണി പകുതിയെത്തി. രണ്ടാമത്തെ കെട്ടിടം അസ്ഥികൂടം ആയി നില്‍ക്കുന്നു. പ്രദേശമാകെ കാടു കയറി പാമ്പു ശല്യമായി. തെരുവുനായയും കാട്ടുപന്നികളും ഇവിടെ പെറ്റുപെരുകി. സമീപത്തെ അംഗന്‍വാടിയിലെ കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കളും ഭീതിയിലാണെന്ന് അങ്കണവാടി അധ്യാപിക സതി മനോഹരന്‍ പറഞ്ഞു. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഫ്ലാറ്റ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പന്തളം നഗരസഭയുടെ ലിസ്റ്റിലെ 30 പേര്‍ക്കും പട്ടിക ജാതി വകുപ്പിന്‍റെ ലിസ്റ്റിലെ  14 പേര്‍ക്കുമാണ് വീട് അനുവദിച്ചത്. ഇനി എന്ന് പണിതീര്‍ത്ത് താമസിക്കാനാകും എന്നാണ് കുടുംബങ്ങളുടെ സംശയം.  6.57 കോടി ചെലവിട്ട് ലൈറ്റ് വെയിറ്റ് ഫ്രെയിം സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് നിര്‍മാണം. സ്റ്റീല്‍ വില വര്‍ധനവ് വന്നതിനാല്‍ കരാര്‍ തുക വര്‍ധിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതേകാലത്ത് നിര്‍മാണം തുടങ്ങിയ ഏനാത്തെ കെട്ടിടങ്ങളുടെ പണി പൂര്‍ണമായി നിലച്ചെങ്കില്‍ പന്തളത്ത് ആ സ്ഥിതി എത്തിയിട്ടില്ല. പക്ഷേ,  പണി ഉടനെങ്ങും തീരുന്ന ലക്ഷണമില്ല. സര്‍ക്കാര്‍ ഇടപെടല്‍ മാത്രമാണ് ഏക പ്രതീക്ഷ. 

ENGLISH SUMMARY:

Life flat construction in Panthalam is facing a significant six-year delay, leaving 44 families in limbo and raising safety concerns for a nearby Anganwadi due to overgrown vegetation and the presence of snakes and stray animals. Government intervention is now the sole hope for the families waiting to occupy their homes.