പത്തനംതിട്ട കോന്നിയിൽ ഭീമൻ കുളവിക്കൂട്ടത്തെ ഭയന്ന് കഴിയുന്നത് 55-ഓളം കുടുംബങ്ങൾ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഈറക്കുഴി മുരുപ്പിൽ പ്രദേശത്താണ് വലിയ കടന്തലുകൾ അടങ്ങിയ കൂളവിക്കൂട് നാട്ടുകാരുടെ ജീവന് ദിവസേന ഭീഷണിയാകുന്നത്.

പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന നടപ്പാതയോട് തൊട്ടുകിടക്കുന്ന പ്ലാവിന്റെ കൊമ്പിലാണ് ഈ ഭീമൻ കൂട് സ്ഥിതി ചെയ്യുന്നത്. ദിവസേന 55-ഓളം കുടുംബങ്ങളും നൂറുകണക്കിന് സ്കൂൾ, അങ്കണവാടി വിദ്യാർത്ഥികളുമാണ് കടുത്ത ഭയത്തോടെ ഈ വഴിയിലൂടെ നിത്യേന യാത്ര ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപ് വളരെ ചെറിയ രീതിയിൽ കണ്ട ഈ കൂട്, ദിവസങ്ങൾ കഴിയുംതോറും വലുതായി ഇപ്പോൾ പടുകൂറ്റൻ രൂപത്തിലായിരിക്കുകയാണ്. ഇതിനകം തന്നെ ഇതുവഴി കടന്നുപോയ ചിലര്‍ക്ക് കുളവിയുടെ കുത്തേറ്റതായും നാട്ടുകാർ ആശങ്കയോടെ പങ്കുവെക്കുന്നു.

അരുവാപ്പുലം മെയിൻ റോഡിലേക്ക് എത്താൻ നിരവധി കുട്ടികളാണ് രാവിലെയും വൈകുന്നേരവും ഈ കൂടിന് തൊട്ടടിയിലൂടെ നടന്നുപോകുന്നത്. പരുന്തോ മറ്റ് പക്ഷികളോ വന്നിരിക്കുകയോ അല്ലെങ്കിൽ അബദ്ധത്തിൽ കൂട് ഇളകുകയോ ചെയ്താൽ വലിയൊരു ദുരന്തത്തിനാകും ഇത് വഴിതുറക്കുക. കടുത്ത വിഷബാധയുള്ള കുളവിയുടെ ഒന്നോ രണ്ടോ കുത്തേറ്റാൽ പോലും ജീവൻ അപായപ്പെടാമെന്നതാണ് പ്രദേശവാസികളെ കൂടുതൽ ഭയപ്പെടുത്തുന്നത്. ഇതിനുപുറമേ, ഇതേ പ്ലാവിന്റെ സമീപത്തെ മറ്റൊരു കൊമ്പിൽ മറ്റൊരു തേനീച്ചക്കൂട് കൂടിയുള്ളത് നാട്ടുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിയാക്കുന്നുണ്ട്.

വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും മാറി മാറി വിവരമറിയിച്ചിട്ടും ഇതുവരെയും യാതൊരുവിധ ഫലപ്രദമായ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് വനംവകുപ്പോ, ഫയർഫോഴ്സോ, പഞ്ചായത്ത് അധികൃതരോ അടിയന്തരമായി ഇടപെട്ട് ഈ കുളവിക്കൂട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ENGLISH SUMMARY:

Vast hornet nest in Konni, Pathanamthitta poses a daily threat to over 50 families and hundreds of schoolchildren. Urgent intervention is requested from authorities to safely remove the dangerous hornet nest and prevent a potential tragedy.