പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യത്തകർച്ചയും ഇന്ധന വിലയിലെ വർധനവും ഇന്ത്യയെ പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിന് ശേഷം, പെട്രോൾ, ഡീസൽ, എൽപിജി വിലകളും കേന്ദ്രസർക്കാർ ഉയർത്തും. വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 64 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 93.53 ൽ ക്ലോസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പരാമർശം. ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാവുകയും 100 ലേക്ക് അടുക്കുകയും ചെയ്യുന്നതും ഇന്ധന വില കുത്തനെ വർധിക്കുന്നതും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ വ്യക്തമായ സൂചനകളാണെന്നും രാഹുല്‍ പറയുന്നു.
രൂപയുടെ മൂല്യത്തകർച്ചയും ഇന്ധന വിലക്കയറ്റവും സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സർക്കാർ ഇതിനെ സാധാരണമെന്ന് വിളിച്ചേക്കാം, പക്ഷേ അങ്ങനെയല്ല. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അത് ചെറുകിട കച്ചവടങ്ങളെ ബാധിക്കും സാധാരണക്കാരുടെ കുടുംബ ചെലവുകളെ തകിടംമറിക്കും. ഇത് ഓരോ കുടുംബത്തിന്റെയും പോക്കറ്റിൽ നേരിട്ടുള്ളതും ആഴത്തിലുള്ളതുമായ സ്വാധീനം ചെലുത്തുമെന്ന് രാഹുൽ വിശദീകരിച്ചു.
പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിലയും വർദ്ധിക്കും എന്നാണ് രാഹുൽ പോസ്റ്റിൽ പറയുന്നത്. മോദി സർക്കാരിന് ഇതിനെ നേരിടാനുള്ള ദിശാബോധമോ തന്ത്രമോ ഇല്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.