കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്‍റെ ലിഫ്റ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അഞ്ചുപേരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ശേഷമാണ് അരൂപ് ബന്ദോപാധ്യായയെ ലിഫ്റ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് അമല്‍ ബന്ദോപാധ്യായയുടെ പരാതിയില്‍ താല പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കുറ്റകരമായ നരഹത്യാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണുള്ളത്. വാരിയെല്ലുകൾ, കൈകളിലെ അസ്ഥികൾ, കാലിലെ അസ്ഥികൾ എന്നിവയ്ക്ക് ഒടിവ് സംഭവിച്ചതായും ശ്വാസകോശവും ഹൃദയവും കരളും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഗുരുതരമായ രീതിയില്‍ ചതഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മകന്‍റെ മരണത്തില്‍ അതീവ ദുഖിതരായ കുടുംബം ആശുപത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഇത്രയും വലിയ ആശുപത്രിയില്‍ അപകടസമയത്ത് ലിഫ്റ്റ് ഓപ്പറേറ്ററോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിയില്‍ പറയുന്നു. പിതാവ് നല്‍കിയ പരാതി താല പൊലീസ് സ്റ്റേഷന് കൈമാറിയതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സപ്തര്‍ഷി ചതോപാധ്യായ പറഞ്ഞു. ലിഫ്റ്റ് ആദ്യഘട്ടത്തില്‍ കൃത്യമായാണ് പ്രവർത്തിച്ചിരുന്നത്. ഒരു ബട്ടൺ അമർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് മുകളിലേക്കും താഴേക്കും നീങ്ങാൻ തുടങ്ങിയതോടെ കുട്ടിയും മറ്റ് മൂന്നുപേരും പരിഭ്രാന്തരായി.
ലിഫ്റ്റ് ഒരിടത്ത് ചെന്ന് നിന്നപ്പോൾ അകത്തുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങാൻ ശ്രമിച്ചു. എന്നാൽ ലിഫ്റ്റിന് പുറത്ത് ഒരു കൊളാപ്സിബിൾ ഗേറ്റ് (collapsible gate) ഉണ്ടായിരുന്നു. ആ സമയത്ത് കുട്ടി പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ ലിഫ്റ്റ് വീണ്ടും മുകളിലേക്ക് നീങ്ങാൻ തുടങ്ങി. ഇതോടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കുട്ടി കുടുങ്ങുകയായിരുന്നു.
യുവവനിതാ ഡോക്ടര്‍ ആര്‍ജി കര്‍ ആശുപത്രിയില്‍വച്ച് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ആശുപത്രിക്കെതിരെ നേരത്തേയും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്വേഷണത്തില്‍ പല തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമുള്‍പ്പെടെ കണ്ടെത്തിയിരുന്നു. അത്തരത്തില്‍ കടുത്ത അനാസ്ഥ ആരോപിക്കപ്പെടുന്ന ആശുപത്രികൂടിയാണിതെന്ന് ബന്ധുക്കള്‍ ഓര്‍മിപ്പിക്കുന്നു.