വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതില്‍ ബി.ജയമോഹന്‍ പ്രതികരിക്കുന്നു...... ഒൻപത് കൊല്ലം മുൻപാണ്, ശരിക്കും പറഞ്ഞാൽ 2017 ഡിസമ്പർ 28ാം തിയതി. തമിഴകത്തിലെ ഒരു പാര്‍ലമെന്‍റ് അംഗം എന്നെ വിളിച്ചുപറഞ്ഞു... ‘വൈരമുത്തു ജ്ഞാനപീഠ അവാർഡിലേക്കു ശ്രമിക്കുന്നു, ഏതാണ്ട് സമീപിച്ചു കഴിഞ്ഞു, ഇന്ന് വൈകുന്നേരം ഞാൻ ഒരു വിരുന്നിൽ കേട്ടതാണ്. ഇത് നടന്നാല്‍ പിന്നെ തമിഴൻ എന്ന് പറഞ്ഞു തല ഉയര്‍ത്തി നടക്കാനാവില്ല. വെങ്കയ്യാനായിഡുവിന്റെ പിന്തുണയോടെയാണ് അത് നടക്കാനിരിക്കുന്നത്’

അന്ന് തന്നെ ഞാൻ ഒരു ലേഖനം എഴുതി, വളരെ ശക്തമായഭാഷയിൽ. അത് എന്‍റെ വെബ്‌മാഗസീനിൽ പ്രസിദ്ധീകരിച്ചു. ലക്ഷം പേർവരെ അത് വായിച്ചു. എഴുത്തുകാരിൽ നിന്ന് അതിശക്തമായ പ്രതികരണം ഉണ്ടായി. പലരും നേരിട്ട് ജ്ഞാനപീഠ കമ്മിറ്റിക്കുതന്നെ എഴുതി. വായനക്കാരുടെ സംഘങ്ങൾ ഒപ്പുശേഖരണം നടത്തിയയച്ചു. ജ്ഞാനപീഠ കമ്മിറ്റിയിൽ നിന്ന് അവർക്കു അങ്ങിനെ ഒരുദ്ദേശവും ഇല്ല എന്ന് മറുപടിയുണ്ടായി. വൈരമുത്തുവിന് ചെറിയ ഒരു തിരിച്ചടിയുണ്ടായി. എന്നാൽ ഇപ്പോൾ വൈരമുത്തു അത് നേടിയിരിക്കുന്നു.

എന്തുകൊണ്ടാണ് അത്രയും ശക്തമായ പ്രതികരണം? ഒന്നാമതായി വൈരമുത്തു ഒരുവൃത്തികെട്ട കവിയാണ്. ഒരുവരി പോലും കവിതയായി ഇതുവരെ എഴുതിയിട്ടില്ല. ചെറിയൊരുആസ്വാദനക്ഷമതയുള്ള ഒരാൾ പോലും വൈരമുത്തു ഒരു കവി എന്ന് പറയില്ല. ഒരു സിനിമാപാട്ടെഴുത്തുകാരൻ, അതിലും മിക്കവാറും കാമത്തിന്റെ അശ്ളീലവർണ്ണനകൾമാത്രം എഴുതിയ ആൾ. പ്രേമത്തെപ്പോലും എഴുതിയിട്ടില്ല.

അതിനേക്കാൾ ഉപരി എന്തുചെയ്തു? എല്ലായിടത്തും വലിഞ്ഞു കയറുന്നയാൾ എന്ന പരിവേഷമാണ് വൈരമുത്തുവിനുള്ളത്. ഡി.എം.കെയ്ക്കും കരുണാനിധിക്കും അടുത്തയാൾ. ഒപ്പം തന്നെ മോദിയുടെ കവിതകൾ വിവർത്തനം ചെയ്യുകയുമുണ്ടായി. ബി.ജെ.പിയുടെ ഡൽഹിവൃത്തങ്ങളുമായി വളരെ അടുപ്പമുള്ളയാളുമാണ്. എന്തിനും ഒരു ഉളുപ്പും ഇല്ലാത്തയാൾ. നാണംകെട്ട മനുഷ്യൻ എന്നതിന്‍റെ സമകാലപ്രതീകം.

ഒരു ഉദാഹരണം പറയാം. മുന്‍പ് ജ്ഞാനപീഠം കിട്ടിയ ജയകാന്തൻ മരണാവസ്ഥയിൽ ഉണ്ടായിരുന്നപ്പോൾ വൈരമുത്തു കാണാനെത്തി. അദ്ദേഹത്തിന്‍റെ കൈയിൽ സ്വന്തം ചെറുകഥാ സമാഹാരംകൊടുത്തു. ഫോട്ടോഎടുക്കുകയും, വൈരമുത്തുവിന് ജ്ഞാനപീഠം കിട്ടണം എന്ന് ജയകാന്തൻ വാഴ്ത്തിയതു പോലെ ഒരു കുറിപ്പ് എഴുതി അതിൽ ജയകാന്തന്‍റെ ഒപ്പു വാങ്ങി അത്പ്രസിദ്ധികരിച്ചു. ജയകാന്തൻ പലമാസക്കാലമായി അംനീഷ്യയിൽ ബോധമില്ലാതെ ആയിരുന്നു എന്നും, ആ കത്ത് വ്യാജം എന്നും ജയകാന്തന്‍റെ മക്കൾ വെളിപ്പെടുത്തി. കടുത്തഅമർഷം രേഖപ്പെടുത്തി. എന്നാല്‍ അതൊന്നും വകവയ്ക്കുന്നയാൾ അല്ല വൈരമുത്തു.

എല്ലാറ്റിനും ഉപരിയായി അടുത്തിടെ 'മീടൂ' പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പേരുപറഞ്ഞതു വൈരമുത്തുവിന്‍റെയാണ്. ഒരു തരത്തിലുള്ള മാന്യതയുമില്ലാതെ എല്ലാ പെണ്‍കുട്ടികളയേയും സമീപിക്കുക, ഭീഷണിപ്പെടുത്തുക, പലതരത്തിലും വേട്ടയാടുക എല്ലാം ചെയ്തിട്ടുണ്ട്. പലരും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു വേദിയിൽ ഒരാൾ വൈരമുത്തുവിനോടൊപ്പം നിന്നാൽ തന്നെ ഇവിടെ പെൺകുട്ടികളുടെ രോഷം അവർക്കുനേരെ തിരിയുകയാണ് പതിവ്.

1975 ലാണ് അഖിലന്‍ (പി.വി.അഖിലാണ്ഡം) ജ്ഞാനപീഠം അവാർഡ് വാങ്ങിയത്. തമിഴിൽ ഒരു നാലാംകിടപൈങ്കിളി എഴുത്തുകാരനാണു അഖിലൻ. അന്ന് സുന്ദര രാമസ്വാമി ജ്ഞാനപീഠകമ്മിറ്റിയെ അതിനിശിതമായി വിമർശിച്ചു എഴുതുകയുണ്ടായി. (ഇന്ന് ആർക്കും അഖിലനെ അറിയില്ല. സുന്ദരരാമസ്വാമിയുടെ ആലേഖനം ഒരുക്ലാസിക് ആയിട്ട് കരുതപ്പെടുന്നു)

അഖിലന് കിട്ടിയ ആ ജ്ഞാനപീഠം തമിഴ്സാഹിത്യത്തിന്‍റെ വില കളഞ്ഞു. ഇന്ത്യൻ സാഹിത്യരംഗത്ത് തമിഴിലെ ഒരാൾക്കും മതിപ്പില്ലാതായി. തമിഴ് ആധുനികസാഹിത്യം ഇന്ത്യൻ ഭാഷകളിൽ തന്നെ ശക്തമായ ഒന്നാണ്. വലിയ എഴുത്തുകാരും മഹനീയമായ കൃതികളും ഉണ്ട്. എന്നാൽ ഇന്ന് ഒരു വേദിയിലും തമിഴിന് മാന്യമായ സ്ഥാനം ഇല്ല എന്നതാണ്് യാഥാർഥ്യം. എന്തിന് കേരളത്തിലെ സാഹിത്യവേദികളിൽ പോലും! ‘തമിഴിൽ ആധുനിക സാഹിത്യം ഉണ്ടോ?' എന്ന് എന്നോട് ചുരുങ്ങിയത് രണ്ടു ഹിന്ദി സാഹിത്യകാരെങ്കിലും ചോദിച്ചിട്ടുണ്ട്.

ആ ചിത്രം മാറ്റിയെടുക്കാൻ ഇന്ന് തമിഴ് സാഹിത്യക്കാർ പൊരുതി വരികയാണ്. ഇന്ന് ഇംഗ്ലീഷ് വിവർത്തനം വഴി തമിഴിലെ ആധുനികസാഹിത്യം ലോകം മുഴുവൻ പോകുന്നു. ഇന്ന് ലോകകത്തിലെ ഏതു മുന്തിയ സാഹിത്യ പ്രസിദ്ധികരണവും തമിഴ്കഥകൾ ഇല്ലാതെ ഒരു ഇന്ത്യൻ സാഹിത്യ സമാഹാരം ഇറക്കില്ല.  ഈ അടുത്തകാലത്ത് തന്നെ ബ്രിട്ടീഷ് മാസിക ഗ്രാന്റ വരെ അത് കാണാം. ഈ ചുറ്റുപാടിലാണ് വൈരമുത്തുവിലൂടെ പിന്നെയും ഒരുതിരിച്ചടി നടന്നിരിക്കുന്നത്. ഇതിൽ നിന്ന് കരകയറുക എളുപ്പമല്ല.

ഇത് തമിഴിനോട് ചെയ്ത കടുത്ത അനീതി. തമിഴ് ആധുനിക സാഹിത്യത്തിന്‍റെ മുഖത്ത് കാറിത്തുപ്പിയിരിക്കുകയാണ്. ജ്ഞാനപീഠ കമ്മിറ്റി ഞങ്ങളോട് പറയുന്നു, നിങ്ങൾ എന്ത് വേണമെങ്കിലും എഴുതിക്കൊള്ളു. സാഹിത്യത്തിൽ ഏതു ഉയരത്തിലേക്കും പൊയ്ക്കോളൂ. ഞങ്ങൾ ഉള്ളതിൽ വൃത്തികെട്ട സാഹിത്യകാരന്മാരെ മാത്രമേ നിങ്ങളിൽ മികച്ചവർ എന്ന് അംഗീകരിക്കൂ. അവര്‍ക്ക് താഴെയാണ് നിങ്ങളുടെസാഹിത്യത്തിന്‍റെ നിലവാരം എന്നു ഞങ്ങൾ തീരുമാനിക്കും. നിങ്ങളെ താഴോട്ടുനോക്കി പുച്ഛിക്കും. പുച്ഛത്തോടെ നിങ്ങളെ പ്രോത്സാകിപ്പിക്കും.

വൈരമുത്തുവിനെ കുറ്റം പറയാനില്ല. അയാളെപ്പോലുള്ളവർ എവിടെയുമുണ്ട്. അയാൾക്ക് അവാർഡ് കൊടുത്ത ജ്ഞാനപീഠ കമ്മിറ്റിയെയാണ് ഞാൻ പുച്ഛിക്കുന്നത്. ജൂറികളിൽ ഒരു മലയാളിയും ഉണ്ടെന്നതിൽ ഒരു മലയാളിയായി അന്ത്യന്തം ലജ്ജിക്കുന്നു.

തമിഴ് ആധുനിക സാഹിത്യം അനാഥമല്ല. ഞങ്ങൾക്ക് ലോകം മുഴുവൻ വായനക്കാരുണ്ട്. ലോകം മുഴുവൻ ഞങ്ങളുടെ സാഹിത്യം കൊണ്ടു ചെന്നെത്തിക്കുവാൻ ഞങ്ങൾ മതി. ഒരാളുടെയും ഓശാരമോ സഹാതാപമോ വേണ്ട. ഇനി ജ്ഞാനപീഠം ഒരു തമിഴ് എഴുത്തുകാരനും വാങ്ങുകയില്ല. ഇതാ ഞങ്ങൾ കൊടുക്കാൻ പോകുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം. ഈകൊല്ലംമുതൽ ‘LIVING TAMIL AWARD FOR WORLD LITERATURE’ സാഹിത്യസമ്മാനം അറിയിക്കുന്നു. ലോകഭാഷകളിലെ ഏറ്റവും മികച്ച സാഹിത്യ സംഭാവനയ്ക്ക് ഒരുകോടിരൂപ.

ENGLISH SUMMARY:

Renowned writer Jeyamohan has strongly criticized the decision to award the Jnanpith to Vairamuthu. In an exclusive reaction to Manorama News on March 16, 2026, Jeyamohan labeled Vairamuthu a "foul poet" who focused on erotic descriptions in film songs rather than literary excellence. He argued that the award diminishes the value of modern Tamil literature and announced a new ₹1 Crore international literary prize in protest. Read the full details of Jeyamohan's scathing critique.