വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന താൽപ്പര്യം പരസ്യമായി പ്രകടിപ്പിച്ച് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. കേരളത്തിന് നിലവിൽ ആവശ്യം സതീശന്റെ പ്രവർത്തനരീതിയാണെന്നും, എറണാകുളത്ത് നിന്നുള്ള ഒരു നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തണമെന്ന് ജില്ലയിലുള്ളവർക്ക് ആഗ്രഹമുണ്ടെന്നും ഷിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ എറണാകുളത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ, മുഹമ്മദ് ഷിയാസിന്റെ ഈ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് എം. ലിജു രംഗത്തെത്തി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ഷിയാസിന്റെ നിലപാട് വ്യക്തിപരമെന്ന്  ലിജു പ്രതികരിച്ചു. ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാലാണ് തന്റെ ജില്ലയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഇതിന് പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി ബന്ധമില്ലെന്നും ലിജു വ്യക്തമാക്കി.