പി.സി. ജോർജിന്റെ വിവാദ പ്രസ്താവനകൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത രംഗത്തെത്തി. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സഭയെയും സഭാനേതൃത്വത്തെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സഭയെ ഉപയോഗിക്കുകയും പിന്നീട് അതേ സഭയെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജോർജിന്റെ ശൈലി അവസരവാദി രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നത് ജോർജിന്റെ സ്ഥിരം ശൈലിയാണെന്നും ഇത്തരത്തിലുള്ള 'രാഷ്ട്രീയ കോമരങ്ങൾ' കേരള രാഷ്ട്രീയത്തിന് തന്നെ മാനക്കേടാണെന്നും കത്തോലിക്കാ കോൺഗ്രസ് പരിഹസിച്ചു. സഭയെയും മെത്രാനെയും അപകീർത്തിപ്പെടുത്തുന്ന ഇത്തരം നിലപാടുകൾ വിശ്വാസികൾ തള്ളിക്കളയുമെന്നും അവർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സഭാനേതൃത്വത്തെ അധിക്ഷേപിക്കുന്നത് ജോർജ് ഇനിയും തുടരുകയാണെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത മുന്നറിയിപ്പ് നൽകി.