പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ, എൽ.പി.ജി (LPG) എന്നിവയുടെ മതിയായ ശേഖരം ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ. എൽ.പി.ജി ലഭ്യത നിലവിൽ ആശങ്കാജനകമായ കാര്യമാണെങ്കിലും ഒരു വിതരണ കേന്ദ്രത്തിൽ നിന്നും ഇതുവരെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലോകത്തിലെ രണ്ടാമത്തെ വലിയ എൽ.പി.ജി ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് പ്രധാന കപ്പൽപാതയായ ഹോർമുസ് ഇടുക്കിലൂടെയാണ് (Strait of Hormuz). നിലവിലെ സംഘർഷങ്ങൾ കാരണം ഈ പാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം സുഗമമാണെന്നും റിഫൈനറികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി (മാർക്കറ്റിങ് ആൻഡ് ഓയിൽ റിഫൈനറി) സുജാത ശർമ്മ പറഞ്ഞു. ‘നമ്മുടെ ക്രൂഡ് ഓയിൽ വിതരണം പര്യാപ്തമാണ്, റിഫൈനറികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണ്’ എന്നും അവർ വ്യക്തമാക്കി. രാജ്യത്തെ ആവശ്യത്തിനുള്ള പെട്രോളും ഡീസലും ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടങ്ങളും ഇന്ധന വിതരണ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥരുമായി ഇതിനോടകം അവലോകന യോഗങ്ങൾ ചേർന്നതായും സുജാത ശർമ്മ അറിയിച്ചു.
ഭൗമ-രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും എൽ.പി.ജി വിതരണം സുസ്ഥിരമാണെന്ന് സുജാത ശർമ്മ അറിയിച്ചു. എന്നാൽ ഉപഭോക്താക്കൾ പരിഭ്രാന്തരായി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. ‘കഴിഞ്ഞ ദിവസം ഏകദേശം 75-76 ലക്ഷം എൽ.പി.ജി ബുക്കിംഗുകളാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ആ സംഖ്യ 88 ലക്ഷത്തിനടുത്തായി ഉയർന്നിരിക്കുന്നു. ഇത് വ്യക്തമായും പരിഭ്രാന്തി മൂലമുള്ള ബുക്കിങ് കാരണമാണ്’.അത്യാവശ്യമുള്ളപ്പോൾ മാത്രം സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ കേന്ദ്രം അഭ്യർത്ഥിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിങ്ങുകൾക്കിടയിൽ കുറഞ്ഞത് 25 ദിവസത്തെയും, ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെയും ഇടവേള ഉണ്ടായിരിക്കണം. വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നതും വരി നിൽക്കുന്നതും ഒഴിവാക്കി, ബുക്കിങ്ങിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിപണന കമ്പനികൾ സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നത് തുടരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണ കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. എല്ലാ സംസ്ഥാനങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്കായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സിലിണ്ടറുകളുടെ കരിഞ്ചന്ത വിൽപന തടയാൻ കർശനമായ പരിശോധനകൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ സംസ്ഥാന സർക്കാരുകൾക്ക് നിർണ്ണായക പങ്കുണ്ട്. അതിനിടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എൽ.പി.ജിയുമായി വന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച പുലർച്ചെ ഹോർമുസ് ഇടുക്ക് സുരക്ഷിതമായി കടന്നതായി ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ കപ്പലുകൾ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്ക് നീങ്ങുകയാണ്. ഈ കപ്പലുകൾ മാർച്ച് 16 നോ 17 നോ ഇന്ത്യയിലെത്തും. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കുടുങ്ങിക്കിടന്ന 24 കപ്പലുകളിൽ ഉൾപ്പെട്ടവയായിരുന്നു ഇവ.
കേന്ദ്ര പെട്രോളിയം മന്ത്രാലയം വെള്ളിയാഴ്ച നൽകിയ ഉറപ്പ് പ്രകാരം, വീടുകൾക്കും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽ.പി.ജി ലഭ്യമാക്കും. ഇറാൻ സംഘർഷവും ഹോർമുസ് ഇടുക്ക് അടച്ചതും കാരണം ആഗോളതലത്തിൽ തടസ്സങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്‍റിലും ഉറപ്പുനൽകിയിട്ടുണ്ട്