എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം തുടരവെ, ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. ഉച്ചകോടി മികച്ചതാണെന്നും വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാമെന്നും തരൂര്‍ പറഞ്ഞു. തരൂരിന് കോണ്‍ഗ്രസ് നേതാക്കളാരും മറുപടി പറഞ്ഞിട്ടില്ല.

AI ഉച്ചകോടി സംഘാടനത്തിലെ പാളിച്ചയും ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയുടെ ചൈനീസ് റോബോ നായ വരെ ഉന്നയിച്ച് രൂക്ഷവിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെ, പതിവുപോലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ രംഗത്തെത്തി. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാം, എന്നാല്‍ ഉച്ചകോടി വളരെ മികച്ചതെന്നാണ് ശശി തരൂരിന്‍റെ പ്രതികരണം.

എന്നാല്‍, തരൂരിന് മറുപടിയുമായി ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും എത്തിയിട്ടില്ല. ചോദ്യങ്ങളില്‍നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറി. എഐ രംഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉന്നയിച്ചാണ് ശശി തരൂര്‍ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രംഗത്തെ സമീപനത്തില്‍ സര്‍ക്കാരിനൊപ്പമെന്നും പറഞ്ഞുവയ്ക്കുന്നു ശശി തരൂര്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്‍റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

ENGLISH SUMMARY:

Shashi Tharoor MP supports the AI Summit despite Congress criticism. He believes that while minor issues can occur in large events, the summit itself was excellent and highlights AI advancements and global participation.