ജയ്പുരിലെ ബാഡി ചൗപാടിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അബദ്ധം. വന്ദേമാതരം ആലപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയഗാനമായ ജനഗണമനയാണ് ചടങ്ങില്‍ മുഴങ്ങിയത്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊതസ്ര ഉൾപ്പെടെയുള്ള നേതാക്കൾ നോക്കിനിൽക്കെയായിരുന്നു സംഭവമെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെറ്റ് മനസിലായതോടെ ദേശീയഗാനം ഏതാനും വരികൾക്ക് ശേഷം പെട്ടെന്ന് നിർത്തി. തുടർന്ന് നേതാക്കൾ വന്ദേമാതരം ആലപിച്ചു.

അതേസമയം, ഇതേ വേദിയിൽ ബിജെപി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങിലും സമാനമായ വീഴ്ചയുണ്ടായി. ദേശീയഗാനമായ വന്ദേമാതരത്തിന് പകരം സിനിമയിലെ ഗാനമാണ് സ്പീക്കറിലൂടെ മുഴങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോർ പതാക ഉയർത്തിയ ചടങ്ങിലായിരുന്നു സംഭവം. ലതാ മങ്കേഷ്കർ ആലപിച്ച 'ആനന്ദ് മഠ്' സിനിമയിലെ വന്ദേമാതരത്തിന്റെ പതിപ്പാണ് യഥാർഥ ഗാനത്തിന് പകരം പ്ലേ ചെയ്തത്. പാർട്ടി നേതാക്കളും എംഎൽഎമാരും പങ്കെടുത്ത ചടങ്ങിലുണ്ടായ വീഴ്ചയിൽ മദൻ റാത്തോർ പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഒരേ വേദിയിൽ സ്വാതന്ത്ര്യദിന ചടങ്ങിനിടെ കോൺഗ്രസിനും ബിജെപിക്കും സംഭവിച്ച അബദ്ധങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി.

ENGLISH SUMMARY:

A major gaffe occurred during Independence Day celebrations at Badi Chaupar in Jaipur when the wrong patriotic songs were played at separate events. At the Congress-led event, the national anthem was played instead of Vande Mataram, prompting leaders to abruptly halt the music. Meanwhile, the ruling BJP event faced embarrassment when a cinematic version of Vande Mataram from the movie Anand Math was played instead of the official version. State party leaders expressed regret over the incidents, which quickly sparked widespread social media discussion.