സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടയിൽ ദേശീയഗീതമായ 'വന്ദേമാതര'ത്തിന് പകരം സിനിമാറ്റിക് പതിപ്പ് പ്ലേ ചെയ്ത സംഭവത്തിൽ രാജസ്ഥാനിൽ ഭരണകക്ഷിയായ ബിജെപി പ്രതിരോധത്തിൽ. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ബാഡി ചൗപഡിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോർ ദേശീയ പതാക ഉയർത്തിയിരുന്നു. ചടങ്ങിനിടയിൽ യഥാര്‍ഥ ദേശീയഗീതത്തിന് പകരം ലതാ മങ്കേഷ്കർ പാടിയ 'ആനന്ദ് മഠ്' എന്ന സിനിമയിലെ ഗാനമാണ് സ്പീക്കറിലൂടെ ഉച്ചത്തിൽ മുഴങ്ങിയത്. പാർട്ടി നേതാക്കളുടെയും എംഎൽഎമാരും പങ്കെടുത്ത പരിപാടിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ മദൻ റാത്തോർ പിന്നീട് ഖേദം പ്രകടിപ്പിച്ചു.  

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജയ്പുർ നഗരസഭ (ജെഎംസി) ശബ്ദ സംവിധാനങ്ങൾ ഒരുക്കിയ ഏജൻസിയുടെ തുക തടഞ്ഞുവെച്ചുകൊണ്ട് പിഴ ചുമത്തി. സ്വാതന്ത്ര്യദിനത്തിന്‍റെ ഗൗരവം തകർക്കുന്നതായിരുന്നു ഈ വീഴ്ചയെന്ന് ചൂണ്ടിക്കാണിച്ച് അഡീഷണൽ കമ്മീഷണർ നരേന്ദ്ര കുമാർ ബൻസാൽ ഏജൻസിക്ക് കത്തയച്ചു. ഇതിനിടയിൽ, ചടങ്ങിനിടയിൽ ന്യൂനപക്ഷ മോർച്ചയുടെ ബിജെപി പ്രവർത്തകനായ ഖാലിദ് ബന്ധൂക്കിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഈ സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർഎൽപി) അധ്യക്ഷനും നാഗൗർ എംപിയുമായ ഹനുമാൻ ബെനിവാൾ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'ആദ്യം, ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരിപാടിയിൽ, ദേശീയ ഗീതമായ 'വന്ദേമാതരം' തെറ്റായി ആലപിച്ചു. അതിനുശേഷം, നവാൽഗഡിൽ, ബിജെപി എംഎൽഎയും ആക്ടിങ് സബ് ഡിവിഷണൽ ഓഫീസറും ചേര്‍ന്ന് ത്രിവർണ്ണ പതാക തലകീഴായി ഉയർത്തി. ഭരത്പൂരിൽ, പതാക ഉയർത്തിയതിന് ശേഷം മന്ത്രി സുരേഷ് റാവത്ത് ത്രിവർണ്ണ പതാകയെ സല്യൂട്ട് പോലും ചെയ്തില്ല,' ബെനിവാൾ പറഞ്ഞു. 

ദേശീയതയുടെ സർട്ടിഫിക്കറ്റുകൾ നൽകിനടക്കുന്നവർക്ക് ദേശീയഗീതത്തിന്റെ അന്തസ്സോ ദേശീയ പതാകയുടെ നിയമങ്ങളോ അറിയില്ലേ. ദേശീയത പ്രസംഗങ്ങളിലും സമൂഹമാധ്യമ പോസ്റ്റുകളിലും മാത്രം ഒതുങ്ങരുതെന്നും പതാകയോടുള്ള ആദരവ് പ്രവൃത്തിയിൽ കാണിക്കണമെന്നും ബെനിവാൾ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

The ruling BJP in Rajasthan faced severe backlash during Independence Day celebrations after playing a cinematic version of 'Vande Mataram' instead of the authentic national song. The gaffe occurred at Badi Chaupar in Jaipur, where state BJP President Madan Rathore hoisted the national flag in the presence of prominent party leaders and MLAs. In response to the grave lapse, the Jaipur Municipal Corporation withheld payments and imposed a penalty on the audio-visual agency responsible for the sound system. Furthermore, opposition leaders criticized the party over multiple protocol violations during celebrations across the state, including an upside-down flag hoisting incident.