ലോക്സഭ നടപടികളില്‍നിന്ന് വരും ദിവസങ്ങളില്‍ വിട്ടുനില്‍ക്കുമെന്ന് സ്പീക്കര്‍ ഓംബിര്‍ല. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിട്ടുനില്‍ക്കാനാണ് സ്പീക്കറുടെ തീരുമാനം. ധാര്‍മികത ഉയര്‍ത്തിയാണ് തന്റെ തീരുമാനമെന്ന് ഓം ബിര്‍ല അറിയിച്ചു. സ്പീക്കറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ടു നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒന്‍പതിന് എടുത്തേക്കും. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 94–സി പ്രകാരമാണ് സ്പീക്കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവന്നത്. 272 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാവൂ. 

തുടര്‍ച്ചയായി പക്ഷപാതപരമായ നിലപാട് എടുക്കുന്നു എന്ന് കാട്ടിയാണ് ഇന്ത്യ സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല എന്നതാണ് സ്പീക്കര്‍ക്കെതിരായ മുഖ്യപരാതി. ‌ലോക്സഭാ സെക്രട്ടറി ജനറലിന് നല്‍കിയ നോട്ടീസ്, ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പാദത്തില്‍ ചര്‍ച്ച‌‌യ്‌ക്കെടുക്കും. 

എൻഡിഎ ഭരണകാലത്ത് ആദ്യമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം വരുന്നത്. സ്പീക്കർ ഓം ബിർല, ഇന്ന് സഭയിൽ എത്തിയില്ല. കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. യു.എസുമായുള്ള വ്യാപാര കരാറില്‍ രാജ്യതാല്‍പര്യങ്ങള്‍ അടിയറവച്ചു എന്ന് ബജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ട ശശി തരൂര്‍ കുറ്റപ്പെടുത്തി. എയിംസ് അടക്കം കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ കോൺഗ്രസ് വനിത എം.പിമാർ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തിയാല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സ്പീക്കർ ഓം ബിർല സഭയിൽ പറഞ്ഞത് ഈ പ്രതിഷേധം സൂചിപ്പിച്ചുകൊണ്ടായിരുന്നു. ഇതിനെതിരെ വനിതാ അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂന്നാവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. 1. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുക. 2. കോണ്‍ഗ്രസിന്‍റെ വനിതാ എം.പിമാര്‍ക്കെതിരായ സ്പീക്കറുടെ പരാമര്‍ശം പിന്‍വലിക്കുക. 3. നെഹ്റു കുടുംബത്തിനെതിരെ നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കുക. ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ മാത്രമേ ബജറ്റ് ചര്‍ച്ചയില്‍ സഹകരിക്കൂ. അല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

ENGLISH SUMMARY:

Speaker Om Birla has announced that he will stay away from the Lok Sabha proceedings in the coming days until a decision is made on the no-confidence motion against him. He said his decision is based on moral grounds. The no-confidence motion, signed by 118 opposition MPs demanding the Speaker’s removal, is expected to be taken up on March 9. The Trinamool Congress has stated it will not support the motion. The motion has been moved under Article 94(c) of the Constitution. It will pass only if it secures the support of 272 members.