ഇതോ ലൂസേഴ്സ് ഫൈനല്‍ എന്ന് തോന്നിപ്പിച്ച മല്‍സരം, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിനെ 6-4 ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്. പത്തുഗോള്‍ ത്രില്ലറില്‍ ഇംഗ്ലണ്ടിന്‍റെ ബുക്കായോ സാക്ക ഹാട്രിക് നേടിയപ്പോള്‍ കിലയന്‍ എംബപെ ഡബിളടിച്ചു. എംബപെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള റേസില്‍ ലയണല്‍ മെസിയെ മറികടന്നു. ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടുന്നത്. രണ്ടുവട്ടം ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
ആദ്യപകുതിയില്‍ 4–0ന് പിന്നില്‍ നിന്നശേഷം ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഫ്രാന്‍സ് കീഴടങ്ങിയത്. കിക്കോഫ് കഴിഞ്ഞ് മൂന്നാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ഗോളടി തുടര്‍ന്നു. ഡെക്ലന്‍ റൈസാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എസ്രി കോന്‍സയും ബുക്കായോ സാക്കയും കൂടെ ഫ്രഞ്ച് മുഖത്തേക്ക് കുതിച്ചതോടെ
ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട് 4–0ന് മുന്നിലെത്തി. ആദ്യ പകുതിയിലെ ക്ഷീണം തീര്‍ക്കാന്‍ പ്രതിരോധത്തില്‍ ഉപമെക്കാനോയെയും ലൂക്കാസ് ഡീനിനെയുമെത്തി. മൂന്നേറ്റത്തിന്‍റെ മൂര്‍ച്ചകൂട്ടാന്‍ ഡംബലയും ബര്‍ക്കോളയും. ഇതോടെ 18 മിനിറ്റിനിടെ മൂന്നുഗോള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കിലിയൻ എംബപെ 48–ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പിന്നാലെ 54-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാർകോളയും വലചലിപ്പിച്ചു. 66-ാം മിനിറ്റില്‍ എംബപെ രണ്ടാം ഗോളും നേടി. രണ്ടുഗോള്‍ നേടിയ എംബാപ്പെ ഒരുഗോളിന് വഴിയൊരുക്കി.
സമനില ഗോളിനായി ഫ്രാന്‍സും ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ടും കനത്ത പോരാട്ടം നടത്തി. 87–ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലാണ് ഇംഗ്ലണ്ട് ലീഡുയര്‍ത്തിയത്. പെനാല്‍റ്റിയെടുത്ത സാക്ക ഹാട്രിക് പൂര്‍ത്തിയാക്കി. ഇന്‍ജറി ടൈമില്‍ ഉസ്മാൻ ഡെംബലെ ഫ്രാന്‍സിന്‍റെ നാലാം ഗോളും നേടി. തൊട്ടുപിന്നാലെ ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ട് ആറാം ഗോളും പൂര്‍ത്തിയാക്കി.