speaker-notice

അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. പ്രതിപക്ഷ നിരയിലെ 118 എംപിമാര്‍ നോട്ടിസില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎ ഭരണത്തിലിരിക്കെ ലോക്‌സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കുന്നത് ഇതാദ്യമാണ്.

മൂന്നാവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. 1. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുക. 2. കോണ്‍ഗ്രസിന്‍റെ വനിതാ എം.പിമാര്‍ക്കെതിരായ സ്പീക്കറുടെ പരാമര്‍ശം പിന്‍വലിക്കുക. 3. നെഹ്റു കുടുംബത്തിനെതിരെ നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കുക. ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ മാത്രമേ ബജറ്റ് ചര്‍ച്ചയില്‍ സഹകരിക്കൂ. അല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

എന്നാല്‍ ചര്‍ച്ചയില്‍ സ്പീക്കര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഭരണഘടനയുടെ അനുച്ഛേദം 94–സി പ്രകാരമാണ് സ്പീക്കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവന്നത്. 272 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാവൂ.

ലോക്സഭയില്‍ കഴിഞ്ഞ ദിവസം ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകമാണ് സ്പീക്കർ ഓം ബിർള ഉച്ചവരെ നടപടികള്‍ നിർത്തിവച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് ബഹളം ആരംഭിച്ചത്. ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു.

ENGLISH SUMMARY:

The opposition has submitted a no-confidence motion against the speaker after consensus efforts failed in the parliament. This marks the first time a no-confidence notice has been filed against a speaker during an NDA government's tenure, with the opposition pushing for three key demands.