മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പുസ്തകം ഓണ്‍ലൈനില്‍ വില്‍പനയ്ക്കെത്തിയെന്ന നരവനെയുടെ പഴയ സമൂഹമാധ്യമ പോസ്റ്റ് ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് വ്യക്തമാക്കി. പുസ്തകഭാഗം പ്രചരിപ്പിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഡല്‍ഹി പൊലീസ് കേസെടുത്തുത്തതിന് പിന്നാലെയാണ് എം.എംനരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചോ ഇല്ലയോ എന്നതിനെ ചൊല്ലി വിവാദം ഉയരുന്നത്. പുസ്തകം ഓണ്‍ലൈനില്‍ വില്‍പനയ്ക്കെത്തിയെന്ന് 2023 ല്‍ നരവനെ ട്വീറ്റ് ചെയ്തിരുന്നു. വാങ്ങുന്നതിനുള്ള ലിങ്കും പങ്കുവച്ചു. ഇതാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ പുസ്തകം ഏതെങ്കിലും രൂപത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആരെങ്കിലും പുസ്തക ഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് പകര്‍പ്പാവകാശ ലംഘനം ആണെന്നും പെന്‍ഗ്വിന്‍ ഇന്ത്യ വ്യക്തമാക്കുന്നു,. നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. രണ്ടില്‍ ഒരാള്‍ കള്ളം പറയുകയാണെന്നും നരവനെയെയാണ് തനിക്ക് വിശ്വാസം എന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
വിവാദം ചൂടുപിടിച്ചിട്ടും എം.എം. നരവനെ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുസ്തകം ചോര്‍ന്നതില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അന്വേഷണം തുടരുകയാണ്