കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നതിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും റിലയന്‍സും ഏപ്രില്‍ മാസത്തേക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ യു.എസ് കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഇന്ത്യ യു.എസിനു മുന്നില്‍ അടിയറവ് പറഞ്ഞുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരില്‍നിന്ന് അനൗദ്യോഗിക നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് കമ്പനികള്‍ ഏപ്രില്‍ മാസത്തേക്ക് റഷ്യന്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്ന നിര്‍ത്തിവച്ചത് എന്നാണ് വിവരം. മാര്‍ച്ചിലേക്കുള്ള ഓര്‍ഡറുകളില്‍ മാറ്റമുണ്ടാകില്ല. റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന് 49 ശതമാനം ഓഹരിയുള്ള നയാര യും റിഫൈനറി അറ്റകുറ്റപ്പണി കാരണം ഏപ്രിലിലേക്കുള്ള ഓര്‍ഡര്‍ നിര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് വാങ്ങുമോ എന്നതില്‍ വ്യക്തതയില്ല. ഹിന്ദുസ്ഥാന്‍ പെട്രോളിയം, MRPL, HMEL കമ്പനികള്‍ നേരത്തെതന്നെ റഷ്യന്‍ എണ്ണ നിര്‍ത്തിയിരുന്നു. ജനുവരിയില്‍ റഷ്യയില്‍ നിന്ന് ദിവസം 10 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തത് മാര്‍ച്ചില്‍ ആഞ്ച്– ആറു ലക്ഷമായി കുറയുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ നാലുലക്ഷവും നയാരയുടേതാണ്. അതേസമയം റഷ്യന്‍ എണ്ണ നിര്‍ത്തുന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുമെന്നാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത്. 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കും എന്നുമാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് വിദേശകാര്യ മന്ത്രാലയം. യു.എസ്. ഭീഷണിക്ക് കേന്ദ്രം വഴങ്ങിയത് നിന്ദ്യമാണെന്നും ഇന്ത്യന്‍ നയങ്ങള്‍ തീരുമാനിക്കുന്നത് യു.എസ്. ആണോ എന്നും സി.പി.എം ചോദിച്ചു.