ആം ആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്റോയ് ജലന്ധറില്‍ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതരാണ് ഗുരുദ്വാരയ്ക്ക് പുറത്ത് കാറിലിരുന്ന ലക്കി ഒബ്റോയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞ് കയറി.
ഗുരുദ്വാരയുടെ പാര്‍ക്കിങ് ഏരിയയിലായിരുന്നു ലക്കി ഒബ്റോയ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെത്തിയ പൊലീസ് സംഘം വിശദമായി പരിശോധിക്കുകയാണ്. ഭയവും ഗുണ്ടാസംഘങ്ങളുടെ തേര്‍വാഴ്ചയും ഭരണസ്തംഭനവുമാണ് പഞ്ചാബിലെന്നും ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിആറിന്‍റെ പിന്നാലെയാണെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ വിമര്‍ശിച്ചു.
പട്ടാപ്പകല്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് നടുക്കമുണ്ടാക്കുന്നുവെന്നും അക്രമികളെ ഇതുവരെ പിടികൂടാന്‍ പോലും കഴിയാത്തത് പഞ്ചാബിലെ തകര്‍ന്ന ക്രമസമാധാനനിലയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലക്കിയുടെ ഭാര്യ മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.