പുതിയ സർക്കാരിനെച്ചൊല്ലിയുള്ള തർക്കം മണിപ്പൂരിനെ വീണ്ടും അശാന്തിയിലേക്ക് നയിക്കുന്നു. കുക്കി സ്വാധീന മേഖലയായ ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാർ പൊലീസിനുനേരെ വ്യാപകമായി കല്ലെറിഞ്ഞു. സംഘർഷം നിയന്ത്രിക്കാനാവാതെ ചിലയിടങ്ങളിൽ നിന്ന് പൊലീസ് പിന്തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. കുക്കി മേഖലകളിൽ പൂർണ്ണമായ അടച്ചിടലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
യുംനാം ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ കുക്കി എം.എൽ.എമാർ ചേർന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നെംച കിപ്‌ജെൻ അടക്കമുള്ള എം.എൽ.എമാരെ കുക്കി സംഘടനകൾ ഊരുവിലക്കി. പ്രത്യേക സ്വയംഭരണ പ്രദേശം എന്ന ആവശ്യം അംഗീകരിക്കാതെ സർക്കാരുമായി സഹകരിക്കുന്നത് വഞ്ചനയാണെന്നാണ് കുക്കി ഇൻപി മണിപ്പൂർ, കുക്കി-സോ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നിലപാട്. കുക്കി മേഖലകളിൽ ഈ എം.എൽ.എമാരെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.
മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകി സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കുക്കി വിഭാഗത്തിലെ വലിയൊരു ശതമാനം ജനങ്ങളും സംഘടനകളും സർക്കാരിനെ അംഗീകരിക്കാത്തത് പുതിയ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
"സമൂഹത്തിന്റെ പൊതുവായ തീരുമാനം ലംഘിച്ച് സർക്കാരിൽ ചേർന്ന എം.എൽ.എമാരുടെ നടപടി വ്യക്തിപരമാണ്. അതിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സംഘടനകൾ ഉത്തരവാദികളല്ല." - കുക്കി സംഘടനകൾ
ഏകദേശം ഒരു വർഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് ശേഷം സമാധാനം പ്രതീക്ഷിച്ച മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും തെരുവ് യുദ്ധങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്ക നിലവില്‍ ഉണ്ട്.