mohammed-deepak

മുസ്​ലിം വ്യാപാരിയുടെ കടയുടെ പേര് മാറ്റാനെത്തിയ ആള്‍ക്കൂട്ടത്തെ ഒറ്റക്ക് നേരിട്ട് യുവാവ്. ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം നടന്നത്. 70 വയസ്സുകാരനായ വക്കീൽ അഹമ്മദ് നടത്തുന്ന 'ബാബ സ്കൂൾ ഡ്രസ്' എന്ന കടയുടെ പേരിൽ നിന്ന് 'ബാബ' എന്ന വാക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘം  ഭീഷണിയുമായെത്തിയത്. ഈ വാക്ക് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നായിരുന്നു വാദം.

വൃദ്ധനെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു ജിം ട്രെയിനറായ ദീപക്കിന്‍റെ രംഗപ്രവേശം. മുസ്​ലിം ആണെങ്കിലെന്താണ് എന്ന് ദീപക് ഭീഷണി സംഘത്തോട് ചോദിച്ചു. ഇതോടെ ആള്‍ക്കൂട്ടം ദീപക്കിന്‍റെ പേര് ചോദിച്ചു, മുഹമ്മദ് ദീപക് എന്നാണ് തന്‍റെ പേര് എന്ന ധൈര്യപൂര്‍വമുള്ള മറുപടിയും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നുണ്ട്. തര്‍ക്കം പിന്നീട് ഉന്തിലും തള്ളിലേക്കും എത്തിയെങ്കിലും ഭീഷണിസംഘം വൈകാതെ സ്ഥലം കാലിയാക്കി. 

വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ദീപകിന് അഭിനന്ദനങ്ങളുമായി എത്തിയത്. എന്നാല്‍ ഭീഷണികളും ഉയര്‍ന്നു. പലയിടത്തുനിന്നും എത്തിയ ബജ്​റങ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. ഇതോടെ വിഷയത്തില്‍ വിഡിയോയുമായി ദീപക് രംഗത്തെത്തി. താനൊരു ഹിന്ദും മുസ്​ലിമോ സിഖോ ക്രിസ്ത്യാനിയോ അല്ലെന്നും മനുഷ്യനാണെന്നും ദീപക് പറഞ്ഞു. വെറുപ്പിന് പകരം സ്നേഹം പടര്‍ത്തുന്നത് വലിയ കാര്യമാണെന്നും ദീപക് പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെയുള്ള ഭീഷണിയെ പറ്റി അധികൃതരെ അറിയിച്ചെങ്കിലും ഒരു വശം ചേര്‍ന്നായിരുന്നു പ്രതികരണമെന്നും ദീപക് ആരോപിച്ചു. എന്നാല്‍ അക്രമികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. 

ദീപകിനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നമുക്ക് ദീപക്കിനെപ്പോലുള്ളവരെയാണ് കൂടുതൽ ആവശ്യം എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പ്രതീകമാണ് ദീപക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയെ സംരക്ഷിക്കാൻ ദീപക് നടത്തുന്ന പോരാട്ടത്തിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.