dmk-rahul

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പതിറ്റാണ്ടുകൾ നീണ്ട സഖ്യം അവസാനിപ്പിച്ച കോൺഗ്രസും ഡിഎംകെയും ഇപ്പോൾ പരസ്യമായ വാക്പോരിലാണ്. രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയാണ് ഏറ്റവും പുതിയ തർക്കവിഷയം. പരിപാടിക്ക് ഹിന്ദി പേര് നൽകിയതിനെതിരെ ഡിഎംകെ രംഗത്തെത്തി. 

ബിജെപിയെ പോലെ കോൺഗ്രസും ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിഎംകെ പുതിയ ഭാഷാവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ ഭാഷയിലുള്ള ഒരു പേര് ഈ പരിപാടിക്ക് തിരഞ്ഞെടുക്കാൻ കാരണം എന്താണെന്നാണ് ഡിഎംകെ ചോദിക്കുന്നത്. എന്നാൽ ഡിഎംകെയുടെ നിലപാട് അസംബന്ധമാണെന്നാണ് കോൺഗ്രസ് നിലപാട്.

‘രാഹുൽ ഗാന്ധി തന്റെ പരിപാടിക്ക് ഹിന്ദിയിൽ ഛാത്രോം കി ഗൂഞ്ച് എന്ന് പേരിട്ടു. തമിഴ്നാട്ടിൽ ഹിന്ദി സ്വീകാര്യമല്ലെന്ന് അദ്ദേഹത്തോട് ആരും പറഞ്ഞില്ലേ? എന്തുകൊണ്ടാണ് ഇതിന് ഇംഗ്ലീഷിലോ തമിഴിലോ പേരിടാൻ കഴിയാത്തത്?’, ഡിഎംകെ വക്താവ് എ. ശരവണൻ ചോദിച്ചു. ‘പദ്ധതികൾക്കായി ഹിന്ദി ഉപയോഗിക്കുന്ന ബിജെപിയെ ഞങ്ങൾ എക്കാലത്തും വിമർശിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ, കോൺഗ്രസും അതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അവരും ബിജെപിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ വക്താവ് നിരാശാ കാമുകനെപ്പോലെയാണ് സംസാരിക്കുന്നത് എന്നായിരുന്നു കോൺഗ്രസ് നേതാവ് മോഹൻ കുമാരമംഗലത്തിന്റെ പ്രതികരണം. ‘ഡിഎംകെയുടെ പരാമർശം തികച്ചും അസംബന്ധമാണ്. കോൺഗ്രസ് നടത്തിയ ഒരു വിദ്യാർഥി പരിപാടിയാണിത്. അതൊരു രാജ്യവ്യാപക പരിപാടിയാണ്. പരിപാടിയിൽ രാഹുൽ ഗാന്ധി സംസാരിച്ചത് ഇംഗ്ലീഷിലാണ്, അത് പിന്നീട് തമിഴിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തു’, അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെന്ന നിലയിൽ എം.കെ.സ്റ്റാലിൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത കാര്യം കോൺഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു. അന്ന് അദ്ദേഹം ഭാഷാ തടസ്സങ്ങളെക്കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ സഖ്യം അവസാനിച്ചതിനെ തുടർന്ന് ഡിഎംകെ ഇന്ത്യ മുന്നണിയിൽ നിന്നും പുറത്തുപോവുകയും പാർലമെന്റിൽ കോൺഗ്രസിന്റെ അടുത്ത് ഇരിക്കാൻ പോലും തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

DMK Congress alliance dispute has intensified over a Hindi event name, sparking a fresh language controversy in Tamil Nadu politics. The recent fallout between the two parties highlights growing tensions regarding linguistic policies and political alignments.