ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ചരിത്രവഴികളിൽ ഇത്രയേറെ അധിക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളും നേരിട്ട മറ്റൊരു നേതാവുണ്ടാകില്ല. വിശ്വാസ്യതയും കാര്യശേഷിയും ഇല്ലാത്തയാള്‍ എന്ന് ആസൂത്രിത പ്രചാരണം നടത്തി എതിരാളികള്‍ തളര്‍ത്താന്‍ ശ്രമിച്ച യുവനേതാവ്. ‘പപ്പു’ എന്നും ‘പരാജയം’ എന്നും മുദ്രകുത്തി രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഒരുപാടുപേര്‍ ശ്രമിച്ച നേതാവ്. ഇന്ന് അതേയാള്‍ അതേ എതിരാളികളുടെ ഉറക്കം കെടുത്തുന്ന ഫയർബ്രാൻഡായി മാറിയിരിക്കുന്നു. മതരാഷ്ട്രീയത്തിനും ഭരണഘടനാവിരുദ്ധതയ്ക്കും ഒരുമയുടെ രാഷ്ട്രീയം കൊണ്ടും ഭരണഘടന കൊണ്ടും മറുപടി നല്‍കി അടിയറവുപറയാത്ത ചെറുത്തുനില്‍പ്പായി അയാള്‍ ഉയര്‍ന്നുനില്‍ക്കുന്നു... രാഹുല്‍ ഗാന്ധി!
ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ അടിത്തറ വിറപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖം മറ്റാരുമല്ല, ലോക്സഭയിലെ പ്രതിപക്ഷനേതാവ് തന്നെയാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ ദേശീയ പതാകയുമേന്തി നിർഭയനായ നില്‍ക്കുന്ന അയാളുടെ ചിത്രം നിമിഷനേരം കൊണ്ടാണ് തരംഗമായത്. ജെന്‍സീ പ്രക്ഷോഭകര്‍ ഇന്ന് ഉയര്‍ത്തുന്ന ഒരുപാട് പ്രശ്നങ്ങള്‍ പൊതുമധ്യത്തില്‍ കൊണ്ടുവരാന്‍ ഏറെക്കാലമായി അയാള്‍ അധ്വാനിച്ചിരുന്നു. നീറ്റ് മുതല്‍ വോട്ട് കൊള്ള വരെയുള്ള ഓരോ വിഷയവും അതിന്‍റെ എല്ലാ വശങ്ങളും വിശദമാക്കിയുള്ള വാര്‍ത്താസമ്മേളനങ്ങളും ചര്‍ച്ചകളും റാലികളുമെല്ലാം അതിന്‍റെ ഭാഗം മാത്രം.
ഓരോ തവണയും രാഹുല്‍ ഗാന്ധി നിര്‍ണായക പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ എതിരാളികള്‍ അതിനെ തമസ്കരിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങളും ചെലവഴിച്ച പണവും ചില്ലറയല്ല. ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ അയാളുടെ പോരാട്ടങ്ങളും പുറത്തുവിട്ട നിര്‍ണായക വിവരങ്ങളും കണ്ടില്ലെന്ന് നടിച്ചു. അവിടെയും ആ മനുഷ്യന്‍ തോറ്റില്ല. സമൂഹമാധ്യമങ്ങളിലൂടെയും ബദല്‍ മാധ്യമങ്ങളിലൂടെയും നേരിട്ടും അയാള്‍ ജനങ്ങളിലേക്കിറങ്ങി. അവിടെയാണ് സംഘടിത സംവിധാനങ്ങളുടെ പരിചകള്‍ തകര്‍ന്നുതുടങ്ങിയത്.
ജെന്‍സീ പ്രക്ഷോഭം ആഗോളശ്രദ്ധ നേടിയപ്പോഴും അതിന്‍റെ തുടക്കം തന്‍റെ ഇടപെടലുകളില്‍ നിന്നാണെന്നറിയാമായിരുന്നിട്ടും അയാള്‍ മാറിനിന്ന് പിന്തുണച്ചു. ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും അസ്ഥിരവും ദുര്‍ബലവുമാക്കപ്പെടുന്നത് തടയാന്‍ ആര്‍ക്കും ക്രെഡിറ്റ് നല്‍കാന്‍ അയാള്‍ തയാറായിരുന്നു. പാര്‍ലമെന്‍റിനകത്തും പുറത്തും പരിഹസിക്കപ്പെട്ടപ്പോഴെല്ലാം അയാള്‍ പറഞ്ഞ വാക്കുകള്‍ ഉറക്കെയുറക്കെ പറയാന്‍ ധൈര്യം കാട്ടി. അത് പ്രകമ്പനമായി മാറിയപ്പോള്‍ അവകാശവാദങ്ങള്‍ക്ക് മുതിരാതെ പോരാട്ടത്തിന്‍റെ തുടര്‍ച്ചകളെക്കുറിച്ച് ആലോചിച്ചു.
ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും ഭരണാനുകൂല മാധ്യമങ്ങളും ഒന്നിച്ചെതിര്‍ത്തിട്ടും, വീഴ്ത്താന്‍ ശ്രമിച്ചിട്ടും അയാള്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ ദേശീയ പതാക പാറിക്കുകയാണ്. തിരഞ്ഞെടുപ്പ് നീതിപൂര്‍വകമല്ല എന്ന് ഉറക്കെ ഉറക്കെ പറയുമ്പോള്‍ പ്രതിരോധിക്കാന്‍ വരുന്ന ശബ്ദങ്ങള്‍ വ്യക്തിധിക്ഷേപം മാത്രമായി ചുരുങ്ങുന്നത് അയാളുടെ വിജയം തന്നെയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമാകില്ലെന്ന് അനുകൂലിക്കുന്നവര്‍ പോലും വിധിയെഴുതിയ ഒരു കാലം രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നു. പെരുമാറ്റത്തിലെ പോരായ്മകളും, പ്രസംഗത്തിലെ കുറവുകളും, ആശയവിനിമയത്തിലെ വീഴ്ചകളും, പൊതുരംഗത്തെ ശരീരഭാഷയുമെല്ലാം അതിന് കാരണമായി വിലയിരുത്തപ്പെട്ടു. പക്ഷേ വീഴ്ചകളില്‍ നിന്ന് പഠിക്കാനായിരുന്നു അയാളുടെ തീരുമാനം. അവിടെ നിന്നയാള്‍ നടന്നുതുടങ്ങി. ആ നടത്തം ഭാരത് ജോഡോ യാത്രയായി പരിണമിച്ചപ്പോള്‍ ലക്ഷ്യവും മാര്‍ഗവും പ്രഖ്യാപിക്കപ്പെട്ടു.
ഭാരത് ജോഡോ യാത്രയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവ്. ഇന്ത്യയുടെ മുക്കിലും മൂലയിലും അയാള്‍ നടന്നെത്തി. ദേശത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ്, എല്ലാവരെയും ചേര്‍ത്തുപിടിച്ച്, എല്ലാവരോടും ചേര്‍ന്നുനിന്ന് അയാള്‍ മുന്നോട്ടുപോയി. സാധാരണക്കാരുടെ കണ്ണീരും പ്രതീക്ഷകളും അയാള്‍ നെഞ്ചിലേറ്റി. ആ യാത്ര മുടക്കാന്‍ ഭരണകക്ഷിയും കൂട്ടുകക്ഷികളും നടത്തിയ ഇടപെടലുകള്‍ അയാള്‍ അവസരങ്ങളാക്കി. ഒടുവില്‍ ‘ഇന്ത്യ’ ഒരു മുന്നണിയായി. അതിന് ശബ്ദമുണ്ടായി. പാര്‍ലമെന്‍റില്‍ ആളെണ്ണം കൂടി. ഭരണകൂടവും ഭരണകക്ഷിയും അപകടം തിരിച്ചറിഞ്ഞു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലും കേസുകളുമെല്ലാം തുടര്‍ക്കഥയായി. പാര്‍ലമെന്റില്‍പ്പോലും നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ഒടുവില്‍ രാഹുല്‍ ഗാന്ധി തെരുവിലിറങ്ങി. ഭരണകൂടത്തിനെതിരെ മാത്രമല്ല, ഭരണഘടനയ്ക്കായി സന്ധിയില്ലാതെ സമരം ചെയ്തും വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തും ചങ്ങാത്ത മുതലാളിത്തത്തിനെതിരെ ഇടതുപക്ഷത്തേക്കാള്‍ ശക്തമായി നിലയുറപ്പിച്ചും പ്രതിപക്ഷത്തെ നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭത്തിന്‍റെ ഫലം ഇന്ത്യയുടെ ചരിത്രഗതി മാറ്റുന്നതായേക്കാം. ഇന്നല്ലെങ്കില്‍ നാളെ തന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍, നിലപാടുകളുടെ പ്രാധാന്യം തിരിച്ചറിയാന്‍ ആളുണ്ടാകും എന്ന ആത്മവിശ്വാസമാണ് അയാളെ നയിക്കുന്നത്. അതിനൊപ്പം നില്‍ക്കാന്‍ ആ പാര്‍ട്ടിയില്‍പ്പോലും ഇത്രയും കാലം കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് മാത്രമാണ് അയാളുടെ ദൗര്‍ബല്യം. അത് തിരുത്തപ്പെട്ടാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ചരിത്രത്തില്‍ ഇടം പിടിക്കുക പപ്പുവോ പരാജയമോ ആയിട്ടായിരിക്കില്ല എന്നുറപ്പ്.