എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. സുരക്ഷാ വെല്ലുവിളികള്‍ എല്ലാ വര്‍ഷവുമുണ്ടെങ്കിലും ഇത്തവണ സമാനതകളില്ലാത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് ഡല്‍ഹി പൊലീസും കേന്ദ്രസേനകളും ചേര്‍ന്നൊരുക്കുന്നത് പഴുതുകളില്ലാത്ത സുരക്ഷ.
ഖലിസ്ഥാന്‍ ഭീകരന്‍ പന്നുവിന്‍റെ ഭീഷണികൂടെ എത്തിയതോടെ സേനാ വിന്യാസം കൂട്ടി. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കര്‍ത്തവ്യപഥിലാണ് പരേഡ് നടക്കുന്നത്. കര്‍ത്തവ്യപഥിന് പുറമെ രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ സുരക്ഷയാണ് ഇത്തവണ. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങളുള്ള എഐ സ്മാര്‍ട്ട് ഗ്ലാസുകള്‍ പൊലീസിന് നല്‍കി, തെര്‍മല്‍ ഇമേജിങ് അടക്കം വിപുലമായ സംവിധാനങ്ങളാണ് പരിശോധനകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു.
ഡല്‍ഹി ഇന്നുവരെ കാണാത്ത അത്ര സുരക്ഷയാണ് എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ളത്. വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളുമുണ്ട്. പരേഡ് കാണാനെത്തുന്നവര്‍ ദേഹപരിശോധനയടക്കം ആറ് തലങ്ങളിലുള്ള പരിശോധനകള്‍ക്ക് വിധേയരാകണം. വലിയ ശേഷിയുള്ള 500 ക്യാമറകള്‍ ഡല്‍ഹിയില്‍ സ്ഥാപിച്ചു. തിരക്കുള്ള മേഖലകളിലും ആളുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഡല്‍ഹി പൊലീസിന്‍റെ സ്വാറ്റ് ടീമിനെയും എന്‍എസ്ജിയെയും വിന്യസിച്ചു.