ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങൾ ലോകത്തെ അറിയിച്ച ശബ്ദവുമായ മാർക്ക് ടള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തെയും ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ആഗോള മാധ്യമശ്രദ്ധയിൽ എത്തിച്ച അദ്ദേഹം 22 വർഷത്തോളം ബിബിസി ഇന്ത്യയുടെ ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1935-ൽ കൊൽക്കത്തയിൽ ജനിച്ച മാർക്ക് ടള്ളി തന്റെ പത്താം വയസ്സുവരെ ഇന്ത്യയിലാണ് വളർന്നത്. കേംബ്രിജിൽ നിന്ന് തിയോളജിയിലും ഹിസ്റ്ററിയിലും ബിരുദം നേടിയ അദ്ദേഹം ഒരു ഘട്ടത്തിൽ വൈദികനാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്നീട് സന്നദ്ധസേവനത്തിലേക്കും തുടർന്ന് മാധ്യമപ്രവർത്തനത്തിലേക്കും തിരിയുകയായിരുന്നു. 1965-ൽ ഒരു ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ബിബിസിയുടെ ഡൽഹി ഓഫീസിൽ എത്തിയ അദ്ദേഹം, പിന്നീട് അവിടുത്തെ ബ്യൂറോ ചീഫ് പദവിയിൽ ദീർഘകാലം തുടർന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള ആകാശവാണിക്ക് അപ്പുറം വസ്തുനിഷ്ഠമായ വാർത്തകൾക്കായി ഇന്ത്യക്കാർ ബിബിസിയെ ആശ്രയിച്ചിരുന്ന കാലത്ത് മാർക്ക് ടള്ളി ഒരു പ്രിയപ്പെട്ട പേരായി മാറി. അദ്ദേഹത്തിന്റെ 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പരിപാടി വൻ ഹിറ്റായിരുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പോലും 'ടള്ളി സാബ്' എന്ന പേരിൽ അദ്ദേഹം സുപരിചിതനായി. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും രണ്ട് തവണ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുമായുള്ള അഭേദ്യമായ ബന്ധം അദ്ദേഹത്തെ തിരികെ എത്തിച്ചു.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ, സുൾഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷ തുടങ്ങിയ നിരവധി ചരിത്രസംഭവങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1984-ലെ സൈനിക നടപടിയെക്കുറിച്ച് സതീഷ് ജേക്കബുമായി ചേർന്നെഴുതിയ ‘അമൃത്‌സർ: മിസിസ് ഗാന്ധീസ് ലാസ്റ്റ് ബാറ്റിൽ’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. 1979-ൽ വധശിക്ഷയ്ക്ക് മുൻപ് ഭൂട്ടോ പറഞ്ഞ "ഞാൻ നിരപരാധിയാണ്" എന്ന വാക്കുകൾ ലോകത്തെ അറിയിച്ചത് ടള്ളിയായിരുന്നു. മാധ്യമരംഗത്തെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 1992-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി. തുടർന്ന് 2005-ൽ പത്മഭൂഷൻ നൽകിയും ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.