മൊബൈൽ ഫോണിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ 22 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. നേപ്പാൾ സ്വദേശിനിയായ ഊർമിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം.
ഭർത്താവിനും കുഞ്ഞിനുമൊപ്പം ഗുജറാത്തിലെ മൊഡാസയിലാണ് ഇവർ താമസിച്ചിരുന്നത്. പ്രദേശത്ത് ഒരു ചെറിയ ചൈനീസ് റെസ്റ്റോറന്‍റ് നടത്തിയാണ് ഈ ദമ്പതികൾ ഉപജീവനം നയിച്ചിരുന്നത്. ഊർമിള കുറച്ചുനാളായി പുതിയൊരു മൊബൈൽ ഫോൺ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭർത്താവ് ഇത് നിരസിച്ചു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കം നടന്നിരുന്നു.
ഈ തർക്കത്തെത്തുടർന്നുണ്ടായ ദേഷ്യത്തിൽ, ഭവൻപൂരിന് സമീപമുള്ള താമസസ്ഥലത്ത് ഊർമിള തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.
മൊഡാസ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഏറ്റെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.