വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പിന്നാലെ കോച്ചിനുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍. പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിന്‍റെ കോച്ചിലാണ് മാലിന്യങ്ങള്‍ കണ്ടത്. ഹൗറയില്‍ നിന്നും ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനിലേക്കുള്ള വണ്ടിയാണിത്.
വന്ദേഭാരതില്‍ പുതിയ നിയമം; എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല
ട്രെയിനിന്റെ ഉദ്ഘാടന ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. Reditt ല്‍ പങ്കുവച്ച വിഡിയോയില്‍ ട്രെയിനിന്റെ തറയിൽ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ കപ്പുകളും ഉപയോഗിച്ച സ്പൂണുകളും കാണാം. ട്രേ ടേബിളിന് മുകളിൽ ഒഴിഞ്ഞ വെള്ള കുപ്പിയും ഭക്ഷണ പാക്കറ്റും ടിഷ്യൂ പേപ്പറുമുണ്ട്. ഇത് റെയില്‍വേയുടെ തെറ്റാണോ സര്‍ക്കാറിന്റെ തെറ്റാണോ അതോ നമ്മുടെ തെറ്റാണോ എന്നാണ് വീഡിയോ പകർത്തിയ ആൾ ചോദിക്കുന്നത്.
ഒരു സീറ്റിനായി 2000 രൂപ മുതല്‍ 10,000 രൂപ വരെ മുടക്കാന്‍ ആളുകള്‍ക്ക് സാധിക്കും. എങ്കിലും പഠിപ്പുള്ള വിവരദോഷികളായി തുടരുന്നു എന്നാണ് ഒരാള്‍ വിഡിയോയ്ക്ക് താഴെയിട്ട കമന്‍റ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ പൗരബോധം ഉണ്ടാകുമെന്ന് പറഞ്ഞവര്‍ എവിടെ പോയി എന്നാണ് മറ്റൊരു കമന്‍റ്.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്ലാഗ്ഓഫ് ചെയ്യുന്നതിന് മുന്‍പായി യാത്രക്കാര്‍ ട്രെയിനില്‍ പൗരബോധം കാണിക്കണമെന്ന് റയിൽവേ ചീഫ് പ്രോജക്ട് മാനേജർ അനന്ത് രൂപണഗുഡി അഭ്യർത്ഥിച്ചിരുന്നു. ടോയ്‍ലറ്റ് മര്യാദകള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ പൊതുസ്വത്തിന് ബഹുമാനമുണ്ടെങ്കില്‍ മാത്രം ദയവായി ഇതില്‍ യാത്ര ചെയ്യുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.