അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ സേല തടാകത്തില്‍ മുങ്ങിമരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ഇന്നുനടത്തിയ തിരച്ചിലില്‍ മലപ്പുറം സ്വദേശി മാധവ് മധുവിന്‍റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ബിനുവിന്‍റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സേല തടാകത്തില്‍ കരസേനയും ഐ.ടി.ബി.പിയും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മാധവ് മധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിന്‍റെ അടിത്തട്ടിലായിരുന്നു മൃതദേഹം. ഇന്നലെ വെളിച്ചക്കുറവ് കാറണം നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. ബിനുവിന്‍റെ പോസ്റ്റംമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വിനോദയാത്രയ്ക്ക് എത്തിയ മലപ്പുറം, കൊല്ലം സ്വദേശികളായ ഏഴംഗ സംഘം ഇന്നലെയാണ് ഗുവഹാത്തി– തവാങ് പാതയ്ക്കടുത്തുള്ള സേല തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കുമ്പോള്‍ സംഘത്തിലെ ഒരാള്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബിനുവും മാധവും മുങ്ങിത്താണത്. ആദ്യം തടാകത്തില്‍ വീണ യുവാവടക്കം സംഘത്തിലെ അഞ്ചുപേരും സുരക്ഷിതരാണ്. തണുത്തുറഞ്ഞ തടാകത്തില്‍ പലയിടത്തായി വെള്ളക്കെട്ടുകള്‍ ഉണ്ടെന്നും ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.