Randhir Jaiswal (File Image)
അരുണാചൽ പ്രദേശ് ചൈനയുടേതെന്ന അവകാശവാദത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ചൈന എത്ര നിഷേധിച്ചാലും വസ്തുത മാറില്ല. ഇന്ത്യൻ വനിതയെ തടഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഇതുവരെ കൃത്യമായ വിശദീകരണം തരാൻ ചൈനക്ക് സാധിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.
രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നത്. എല്ലാ രാജ്യക്കാർക്കും 24 മണിക്കൂർ വിസ രഹിത ട്രാൻസിറ്റ് അനുവദിക്കും എന്ന ചൈനയുടെ തന്നെ മാർഗനിർദേശം ലംഘിക്കപ്പെട്ടു എന്നും രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി. സംഭവത്തെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും അപലപിച്ചു. യുവതിക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു.
യുകെയില്‍ താമസിക്കുന്ന പ്രേമ വാങ്‌ജോം തോങ്‌ഡോക് എന്ന സ്ത്രീയാണ് ചൈനീസ് വിമാനത്താവളത്തില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. 2025 നവംബർ 21-ന് ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രയ്ക്കിടെയാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതെന്ന് യുവതി എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.
ഇമിഗ്രേഷന്‍ കഴിഞ്ഞ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സെക്യൂരിറ്റിയില്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഉദ്യോഗസ്ഥന്‍ വന്ന് തന്റെ പേര് പറഞ്ഞ് 'ഇന്ത്യ, ഇന്ത്യ' എന്ന് അലറാന്‍ തുടങ്ങിയത്. തന്നെ ഇമിഗ്രേഷന്‍ ഡെസ്‌കിലേക്ക് കൊണ്ടുപോയി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് പരിശോധിച്ചപ്പോള്‍ ജന്മസ്ഥലം അരുണാചൽ പ്രദേശ് എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ അത് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാനാണ് നിർദേശിച്ചതെന്നും പ്രേമ ആരോപിച്ചു.
18 മണിക്കൂർ തന്നെ തടങ്കലിലാക്കി. കൃത്യമായ ഭക്ഷണമോ മറ്റ് വിവരങ്ങളോ നൽകിയില്ല. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനോ അനുവദിച്ചില്ല. ചൈന ഈസ്റ്റേൺ എയർലൈൻസിൽ തന്നെ ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചു, സംഭവം ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പ്രേമ കൂട്ടിച്ചേര്‍ത്തു. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് യുവതി മോചിതയാത്.
അതേസമയം, ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ യുവതിക്കെതിരെ നിർബന്ധിത നടപടികളോ തടങ്കലോ പീഡനമോ ഉണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അവകാശപ്പെട്ടു. ചൈനയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് എല്ലാ പ്രക്രിയകളും നടന്നത്. യുവതിയുടെ അവകാശങ്ങളും താൽപ്പര്യങ്ങളും പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാങ്‌നാൻ ചൈനയുടെ പ്രദേശമാണെന്നും ഇന്ത്യയുടെ അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മാവോ വ്യക്തമാക്കി.