File, Representing Image
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട അലയൊലികള്‍ ഒഴിഞ്ഞെങ്കിലും ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ അയയ്ക്കുന്നത് തുടരുകയാണ്. സംഘര്‍ഷകാലത്ത് അയച്ച സൂയിസൈഡ് ബോംബുകള്‍ എന്നറിയപ്പെട്ട കാമികാസി വിഭാഗത്തിലുള്ള ഡ്രോണുകളല്ല ഇപ്പോള്‍ അയയ്ക്കുന്നതെന്നാണ് ഇന്ത്യയുടെ പരിശോധനയില്‍ കണ്ടെത്തിയത്.
ചെറുതും രഹസ്യനിരീക്ഷണം ലക്ഷ്യമിട്ടുള്ളതുമായ ഡ്രോണുകളാണ് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വിടുന്നതെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ നിരീക്ഷണത്തില്‍ എല്ലാം വ്യക്തമാണെന്നും എന്തെങ്കിലും ദുരുദ്ദേശപരമായ നീക്കമുണ്ടായാല്‍ ശക്തമായ മറുപടി പ്രതീക്ഷിക്കാമെന്നും ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഈ ആശങ്കകൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ മിലിട്ടറി ഓപ്പറേഷൻസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ, ജനുവരി 15 ആര്‍മി ഡേയും 26, റിപ്പബ്ലിക് ഡേയും പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ആശങ്ക വര്‍ധിപ്പിക്കുന്ന ദിനങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമോ എന്ന ആശങ്ക പാക്കിസ്ഥാനിൽ ഈ കാലയളവില്‍ പതിവാണ്. ലൈറ്റുകള്‍ ഓണാക്കിയ നിലയില്‍ വളരെ താഴ്ന്നുപറക്കുന്ന ഡ്രോണുകളാണ് നിരീക്ഷണത്തില്‍ കാണാനായതെന്നും ആര്‍മി ചീഫ് വ്യക്തമാക്കി.
ജനുവരി 9 മുതൽ ഏകദേശം 10–12 ഡ്രോണുകള്‍ പാക്കിസ്ഥാന്‍ അയച്ചിട്ടുണ്ട്. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായാണ് ഇവ കണ്ടെത്താനായത്. പൂഞ്ചിലും സാംബ ജില്ലയിലെ രാംഗഢ് മേഖലയിലും നൗഷേര, രാജൗരി മേഖലകളിലും ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സുരക്ഷാ സേനകൾ ആന്റി-അൺമാൻഡ് ഏരിയൽ സിസ്റ്റം (UAS) ,പ്രതിരോധ സംവിധാനം സജീവമാക്കുകയും വെടിയുതിർക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാത്രമല്ല സാംബ ജില്ലയിൽ ഒരു ഡ്രോണില്‍ നിന്നും രണ്ട് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും 16 വെടിയുണ്ടകളും ഒരു ഗ്രനേഡും ഇറക്കിയതായും സംശയിക്കുന്നുണ്ട്. റിപ്പബ്ലിക് ഡേ ആഘോഷങ്ങൾക്ക് മുന്നോടിയായി ജാഗ്രത തുടരുന്നതിനിടെയാണ് ഇന്ത്യ ഇവ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ പ്രതിരോധ സംവിധാനങ്ങളിലെ ദൗര്‍ബല്യങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍ സജീവമാകുന്നത് കണ്ടുപിടിക്കുക, സൈനിക നീക്കം ഏത് മേഖലകളില്‍ എന്നിവ കണ്ടെത്തുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ആര്‍മി ചീഫ് വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രതിരോധത്തിലെ വിടവുകൾ കണ്ടെത്തി അതിലൂടെ ഭീകരരെ കടത്തിവിടാമോ എന്ന പരിശോധനയായിരിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യന്‍ സംവിധാനത്തില്‍ നിലവില്‍ ഭീകരരെ കടത്തിവിടാനുള്ള ഒരു വിടവുമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം ഡ്രോണുകള്‍ വഴി ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാനുള്ള ശ്രമമായിരിക്കാമെന്ന് ജമ്മു-കശ്മീരിലെ മുൻ ഡിജിപി എസ്.പി. വൈദ് പറയുന്നു. ഇന്ത്യ ആന്റി-ഡ്രോൺ സംവിധാനങ്ങൾ വിജയകരമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.