bihar-arrest

TOPICS COVERED

ഭാര്യ തീകൊളുത്തി മരിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കാതെ വിഡിയോ ചിത്രീകരിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സൂറത്തിലാണ് സംഭവം. 33കാരനായ രഞ്ജിത് സാഹയാണ് ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.  31കാരിയായ പ്രതിമാദേവിയാണ് ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യ ചെയ്തത്. 

ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ രഞ്ജിത് പ്രതിമയോട് പോയി മരിക്കാന്‍ ആവശ്യപ്പെട്ടെന്നും ഉടന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസലൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയില്‍ കഴിയവേ പ്രതിമ തന്നെയാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 

ജനുവരി 4നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജനുവരി 14ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ 16നാണ് അറസ്റ്റ് നടക്കുന്നത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 85, 108 പ്രകാരമാണ് അറസ്റ്റ് നടന്നതെന്ന് ഇന്‍സ്പെക്ടര്‍ എ.സി. ഗോഹില്‍ പിടിഐയോട് പറഞ്ഞു. 

പ്രതിമയുടെ മരണത്തിനു പിന്നാലെ സഹോദരന് തോന്നിയ സംശയമാണ് രഞ്ജിത്തിന്റെ ഫോണുള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. ഭാര്യയുടെ മരണത്തില്‍ പങ്കില്ലെന്ന് തെളിയിക്കാനായാണ് പ്രതി വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറയുന്നു. രഞ്ജിത് ഗാരജില്‍ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു വീട്ടില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രതിമ ജനുവരി 11നാണ് ആശുപത്രിയില്‍വച്ച് മരിച്ചത്. പ്രതിമയും രഞ്ജിതും ബിഹാര്‍ സ്വദേശികളാണ്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. 

ENGLISH SUMMARY:

Husband arrested for filming wife's suicide. The incident occurred in Surat where a 33-year-old man filmed his wife setting herself on fire during a dispute instead of helping her.