ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഘം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ഇറാനിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ രാജ്യം വിടാണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഇറാനില്‍ സ്ഥിതി ഭയാനകമെന്ന് മടങ്ങിയെത്തിയവരില്‍ ഒരാള്‍ പറഞ്ഞു. എംബസി എല്ലാ സഹായങ്ങളും നൽകി. കൃത്യമായ നിർദേശങ്ങൾ നൽകിയ കേന്ദ്ര സർക്കാരിന് നന്ദിയുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ഇന്‍റർനെറ്റ് സംവിധാനം ഇല്ലാത്തതിനാൽ കുടുംബത്തെ ബന്ധപ്പെടാനായില്ലെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു. സമീപ ആഴ്ചകളിലാണ് സ്ഥിതിഗതികൾ കൂടുതല്‍ വഷളായതായതെന്നാണ് മടങ്ങിയെത്തിവരുടെ പ്രതികരണം.
''ഒരു മാസത്തിലേറെയായി ഇറാനിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളില്‍ മാത്രമേ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുള്ളൂ. പുറത്തുപോകുമ്പോൾ പ്രതിഷേധക്കാർ കാറിന് മുന്നിലെത്തി ചെറിയ പ്രശ്നങ്ങളുണ്ടാക്കും. ഇന്‍റര്‍നെറ്റ് ഇല്ലാത്തതിനാല്‍ കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ആശങ്കയുണ്ടായിരുന്നു'' എന്നാണ് മടങ്ങിയെത്തിയവര്‍ പറഞ്ഞത്.
മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ എല്ലാ ഇന്ത്യക്കാരും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ഇറാൻ റിയാല്‍ കുത്തനെ ഇടിഞ്ഞതിന് പിന്നാലെ ഡിസംബർ 28 ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ വളര്‍ന്ന പ്രക്ഷോഭമായി വളര്‍ന്നത്.