ചരിത്രമുറങ്ങുന്ന ഡല്‍ഹിയിലെ റെയ്സിന കുന്നിറങ്ങാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ്. സൗത്ത് ബ്ലോക്കില്‍നിന്ന് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ സേവ തീര്‍ഥ് കോംപ്ലക്സിലേക്കാണ് പി.എം.ഒ മാറുന്നത്. പുതിയ കെട്ടിടത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
സേവാ തീര്‍ഥ് 1 ആണ് പ്രധാനമന്ത്രിയുടെ ഓഫിസ്. സേവാ തീര്‍ഥ് 2 കാബിനറ്റ് സെക്രട്ടേറിയറ്റും സേവാ തീര്‍ഥ് 3 ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഓഫിസായും പ്രവര്‍ത്തിക്കും. നിലവില്‍ പി.എം.ഒ സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക് 1931 ലാണ് പണിതത്. 1977 ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പ്രൈം മിനിസ്റ്റേഴ്സ് ഓഫിസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു. വൈകാതെ പ്രതിരോധ മന്ത്രാലയം കൂടി സൗത്ത് ബ്ലോക്കില്‍ നിന്ന് മാറും. ഇതോടെ ഭരണസിരാകേന്ദ്രം റെയ്സിന കുന്നിന്‍റെ പടിയിറങ്ങും. നോര്‍ത്ത് ബ്ലോക്കിലെ മന്ത്രാലയങ്ങള്‍ നേരത്തെ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയിരുന്നു.