TOPICS COVERED

ആശുപത്രി കിടക്കയില്‍ ഉറങ്ങുന്ന രോഗികള്‍ക്കിടയിലൂടെ സ്വതന്ത്രമായി വിഹരിച്ച് എലികള്‍. ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ നിന്നുമുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. ഓർത്തോപീഡിക് വാർഡിലാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 'മനുഷ്യർക്കായി ഒരുക്കിയ വാർഡ്, ഇവിടെ എലികൾ ആഘോഷത്തിലാണ്. മെലിഞ്ഞതും തടിച്ചതും, ഉരുണ്ടതും കൊഴുത്തതുമായ എല്ലാത്തരം എലികളും ഇവിടെ ഓടിക്കൊണ്ടിരിക്കുന്നു. വാർഡുകൾ മനുഷ്യർക്കുള്ളതല്ല, എലികൾക്കുള്ളതാണ്,' എന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് വിഡിയോ പങ്കുവെച്ചത്. 

വിഡിയോയിൽ പത്തോളം എലികൾ വാർഡിലെ തറയിലൂടെയും, ഓക്സിജൻ പൈപ്പുകളിലൂടെയും, രോഗികൾ കിടക്കുന്ന കട്ടിലുകളിലൂടെയും ഓടിനടക്കുന്നത് കാണാം. രോഗികളുടെ മരുന്നുകളും ഭക്ഷണപ്പൊതികളും എലികൾ കടിച്ചു കീറുന്നതും ദൃശ്യങ്ങളിലുണ്ട്.

വിഡിയോ വൈറലായതോടെ ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ ഉടൻ തന്നെ എലികളെ കൊല്ലാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനോട് വിശദീകരണം തേടിയിട്ടുണ്ട്. വാര്‍ഡില്‍ എലികള്‍ കേറിയതിനെ പറ്റി അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഡി.എൻ സിങ് അറിയിച്ചു. പഴയ കെട്ടിടമായതിനാൽ ഭിത്തികളിലെ മാളങ്ങൾ വഴിയാണ് എലികൾ അകത്തുകടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.