AI Generated Image

ഡൽഹിയിലെ പശ്ചിം വിഹാഫിലെ ആർകെ ഫിറ്റ്നസ് ജിമ്മിന് നേരെ വെടിവയ്പ്പ്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ബൈക്കിലെത്തിയ രണ്ട് പേരാണ് ജിമ്മിന് പുറത്ത് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തത്.  

ഔട്ടർ റിങ് റോഡിലുള്ള രോഹിത് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ജിമ്മിന് നേരെയാണ് ആക്രമണം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറൻസ് ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയയിലൂടെ വെടിവയ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവരാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോസ്റ്റിൽ പറയുന്നു.

ജിം ഉടമ ഫോൺ കോളുകൾ അവഗണിച്ചതിനാലാണ് വെടിവയ്പ് നടത്തിയതെന്ന് സോഷ്യൽ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നു. ‘അടുത്ത തവണ ഫോൺ എടുത്തില്ലെങ്കിൽ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും’ എന്ന കടുത്ത ഭീഷണിയും പോസ്റ്റിലുണ്ട്. ജിതേന്ദ്ര ഗോഗി മൻ ഗ്രൂപ്പ്, ഹാഷിം ബാബ ഗ്രൂപ്പ്, കാലാ റാണ ഗ്രൂപ്പ് എന്നിവരുടെ പേരുകളും ഈ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ ശത്രുക്കൾ എന്നും തങ്ങളുടെ ശത്രുക്കളായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു ഗ്യാങ് വാറിൽ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള രണ്ട് ഗുണ്ടകൾ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി പൊലീസ്.

ENGLISH SUMMARY:

Delhi gym shooting reported in Paschim Vihar. The incident is under investigation by the Delhi police after the Lawrence Bishnoi gang claimed responsibility on social media.