AI Generated Image
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കത്തിൽ 48 മണിക്കൂറിനുള്ളിൽ 854 കുറ്റവാളികളെ പിടികൂടി. 'ഓപ്പറേഷൻ ഗാംഗ് ബസ്റ്റ്' എന്ന് പേരിട്ട ഈ ദൗത്യത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ, ഷൂട്ടർമാർ, ലഹരി മാഫിയകൾ എന്നിവരാണ് വലയിലായത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 4,299 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ഏകദേശം 9,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വൻ ദൗത്യത്തിനായി അണിനിരത്തിയത്. ഗുണ്ടകളുടെ ഒളിത്താവളങ്ങളും സുരക്ഷിത കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു നീക്കം.
6,500-ലധികം വ്യക്തികളെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൂടെ കുറ്റവാളികളുടെ ശൃംഖലകളെക്കുറിച്ചും അവർക്ക് ലഭിക്കുന്ന ബാഹ്യസഹായങ്ങളെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ ലഭിച്ചു. പൊലീസ് നടത്തിയ റെയ്ഡിൽ വലിയ തോതിലുള്ള ആയുധശേഖരവും പണവും പിടിച്ചെടുത്തു.
കുറ്റവാളികളെ പിടികൂടുക മാത്രമല്ല, അവർക്ക് ലഭിക്കുന്ന സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ തകർക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണർ ജതിൻ നർവാൾ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം കർശന നടപടികൾ തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.