Image: @MeghUpdates
രക്തം പോലും തണുത്ത് മരവിക്കുന്ന തണുപ്പല്ലേ, എന്റെ കുഞ്ഞിനെ എങ്ങനെ ആ തണുപ്പത്ത് ഉപേക്ഷിക്കും? വീരമൃത്യു വരിച്ച സൈനികന്റെ അമ്മയുടെ വേദനയാണിത്. തണുത്തുറഞ്ഞ കശ്മീരില്‍ മകന്റെ പ്രതിമയ്ക്ക് തണുക്കാതിരിക്കാന്‍ കമ്പിളിപ്പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജോലിക്കിടെ വീരമൃത്യു വരിച്ച ഗുര്‍നം സിങ്ങിന്റെ അമ്മ ജസ്വന്ത് കൗറിന്റെ വാക്കും പ്രവൃത്തിയും കണ്ടുനില്‍ക്കുന്നവരുടേയും കണ്ണുനനയിച്ചു.
‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും തണുപ്പത്ത് ഞാൻ എങ്ങനെയാണ് ഉപേക്ഷിക്കുക?’– ഇതായിരുന്നു ആ അമ്മയുടെ ചോദ്യം.
2016 ഒക്ടോബറിലാണ് ഗുര്‍നം വീരമൃത്യു വരിച്ചത്. പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണു ഗുർനം സിങ്ങ് വെടിയേറ്റ് മരിച്ചത്. സംഭവത്തിന്റെ തലേദിവസം പാക്കിസ്ഥാന്റെ ഒരു നുഴഞ്ഞുകയറ്റ ശ്രമം ഗുർനം സിങ് വിഫലമാക്കിയിരുന്നു. കനത്ത ഷെല്ലാക്രമണത്തിന്റെ മറവിൽ പാക്കിസ്ഥാൻ സൈന്യം ഒരു കൂട്ടം ഭീകരരെ ഇന്ത്യയിലേക്കു കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
എന്നാൽ ഒട്ടും തളരാതെ ഒരു ഭീകരനെ വധിച്ച ശേഷം മറ്റുള്ളവരെ തുരത്തിയോടിച്ച് ഗുർനം ഒരു മതിൽ പോലെ നിലയുറപ്പിച്ചു. ‘ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് നിങ്ങൾ കാണുന്നുണ്ടെങ്കിൽ, അത് കാറ്റടിക്കുന്നത് കൊണ്ട് മാത്രമല്ല. മറിച്ച്, ഈ മണ്ണിൽ വീണ ഗുർനാമിനെപ്പോലുള്ള സൈനികരുടെ അവസാന ശ്വാസം കൊണ്ടു കൂടിയാണത്’– ജസ്വന്ത് കൗറിന്റെ സഹോദരനായ കുൽവിന്ദർ സിങ് പറഞ്ഞു.