ബംഗാളിലെ ഇ.ഡി. റെയ്ഡിനെതിരെ ഡൽഹിയിൽ ടി.എം.സി എം.പിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച ഡെറക് ഒബ്രിയാൻ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മമതയ്ക്കെതിരെ ഇ.ഡി. നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കല്‍ക്കട്ട ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി.
പത്തുമണിയോടെയാണ് ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് അടക്കമുള്ള തൃണമൂൽ എം.പിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കർത്തവ്യ ഭവനിലെ ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് എം.പിമാരെ കസ്റ്റഡിയിൽ എടുത്തു. വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച എം.പിമാർ
അവിടെയും പ്രതിഷേധം തുടർന്നു. മണിക്കൂറുകള്‍ കഴിഞ്ഞും കേസെടുക്കാനോ വിട്ടയക്കാനോ തയാറാകാതിരുന്നതോടെ എം.പിമാരും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സമാധാനപരമായി പ്രതിഷേധിച്ച എംപിമാരെയാണ് കസ്റ്റഡിയിൽ
എടുത്തതെന്നും ഡൽഹി പൊലീസ് അമിത് ഷായുടെ ഗുണ്ടകളായെന്നും മഹുവ മൊയ്ത്ര വിമർശിച്ചു.
കൊല്‍ക്കത്തയിലെ ജാദവ്പുരില്‍ കാല്‍നടയായിട്ടായിരുന്നു മമത ബാനര്‍ജിയുടെ പ്രതിഷേധ മാര്‍ച്ച്. റോഡിനിരുവശത്തും ആയിരങ്ങള്‍ അഭിവാദ്യം ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. മമത ബാനര്‍ജിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി പരിഗണിച്ചപ്പോള്‍ കോടതിമുറി ആളുകളെ
കൊണ്ട് നിറഞ്ഞു. അഭിഭാഷകരും ഉദ്യോഗസ്ഥരും ഒഴികെയുള്ളവര്‍ പുറത്തുപോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും തയാറാകാതിരുന്നതോടെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.