41പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്കും റോഡ് ഷോകൾക്കുമുള്ള മാർഗനിർദേശങ്ങൾ തമിഴ്നാട് സർക്കാർ പുറത്തിറക്കി. യോഗം നടത്താനുള്ള അനുമതി തേടി സമർപ്പിക്കുന്ന അപേക്ഷയിൽ പറയുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ആളുകൾ പങ്കെടുത്താൽ ഗുരുതര കുറ്റമായി കണക്കാക്കും. റോഡ് ഷോ പരമാവധി 3 മണിക്കൂർ മാത്രം, എന്നിവ അടക്കമുള്ള നിബന്ധനകളാണ് ഏർപ്പെടുത്തിയത്.
കരൂർ ദുരന്തത്തിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് മാർഗനിർദേശം സർക്കാർ തയാറാക്കിയത്. റോഡ് ഷോ, സാംസ്കാരിക പരിപാടികൾ, പൊതുയോഗങ്ങൾ തുടങ്ങി 5000 പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികൾക്കും നിബന്ധനകൾ ബാധകമാണ്. പരിപാടിക്ക് 2 മണിക്കൂർ മുൻപ് മാത്രമേ ആളുകളെ സമ്മേളന സ്ഥലത്തു പ്രവേശിപ്പിക്കാൻ പാടുള്ളൂ, സിസിടിവി നിരീക്ഷണം വേണം. ദൃശ്യങ്ങൾ പൊലീസുമായോ ജില്ലാ ഭരണകൂടമായോ തൽസമയം പങ്കുവയ്ക്കണം, പരിപാടിയുടെ അനുമതിക്കായി 10 മുതൽ 30 ദിവസം മുൻപ് അപേക്ഷ നൽകണം,. സംഘാടകർ അപേക്ഷയ്ക്കൊപ്പം പ്രധാന നേതാക്കളുടേയും അതിഥികളുടെയും അടക്കമുള്ള പൂർണ വിവരങ്ങൾ കൈമാറണം. ഗർഭിണികൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. കുടിവെള്ളം, ശുചിമുറി സൗകര്യം, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയവ സംഘാടകർ ഉറപ്പാക്കണം, റോഡ് ഷോ നടത്തുമ്പോൾ അനുമതി നൽകിയ ഇടത്ത് മാത്രമേ പരിപാടി നടത്താവൂ. റോഡ് ഷോയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. 50 പേർക്ക് ഒന്ന് എന്ന കണക്കിൽ വൊളന്റിയർമാർ ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വേദികൾ കണ്ടെത്താൻ പൊതുമരാമത്തു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.