തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന് ഇന്ന് തുടക്കമാകും. പുതുക്കോട്ടയിലെ തച്ചാങ്കുറിച്ചിയിലാണ് ഈ വര്‍ഷത്തെ ആദ്യ ജല്ലിക്കെട്ട് നടക്കുന്നത്. പൊങ്കല്‍ ദിനങ്ങളില്‍ മധുരയില്‍ നടക്കുന്ന ജല്ലിക്കെട്ട് കാണാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും കാണികളെത്തും.
ഓരോ തമിഴ്നാട്ടുകാരനും ജല്ലിക്കെട്ടൊരു വികാരമാണ്. ആയിരങ്ങള്‍ ആര്‍ത്തിരമ്പിരുന്ന ഗാലറിയെ സാക്ഷിയാക്കി വാടിവാസല്‍ കടന്നെത്തുന്ന കാളക്കൂറ്റന്‍മാരും വീരന്‍മാരും തമ്മിലെ പോരാട്ടം. തച്ചാങ്കുറിച്ചിയില്‍ നടക്കുന്ന ജല്ലിക്കെട്ടിന് പുതുക്കോട്ടയിലും സമീപ ജില്ലകളില്‍ നിന്നുമുള്ള കാളകളും ജല്ലിക്കെട്ട് വീരന്‍മാരും പങ്കെടുക്കും. പുതുക്കോട്ട കലക്ടറുടെ നേതൃത്വത്തില്‍ അധികൃതര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജല്ലിക്കട്ട് നടത്തുക. കഴിഞ്ഞ വര്‍ഷം തച്ചാങ്കുറിച്ചി ജല്ലിക്കെട്ടില്‍ 600 കാളകളും 350 പോരാളികളും പങ്കെടുത്തിരുന്നു. 4500 ലേറെപ്പേര്‍ മല്‍സരം കാണാനെത്തി.
പൊങ്കല്‍ ദിനങ്ങളിലാണ് സംസ്ഥാനത്തെ പ്രധാന ജല്ലിക്കെട്ട് മല്‍സരങ്ങള്‍ നടക്കുന്നത്. അവനിയാപുരം, പാലമേട്, അളങ്കാനല്ലൂര്‍ എന്നിവടങ്ങളില്‍ നടക്കുന്ന ജല്ലിക്കെട്ട് മല്‍സരങ്ങള്‍ കാണാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും കാണികളെത്തും. ഇക്കുറിയും ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് തമിഴകം.