Image credit: X
തമിഴകത്തിന്‍റെ സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്യുടെ അവസാന ചിത്രം 'ജനനായക'ന്‍റെ റിലീസ് പ്രതിസന്ധിയില്‍. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിനെ ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ റെക്കോര്‍ഡ് ബുക്കിങാണ് ചിത്രത്തിനുള്ളത്. സര്‍ട്ടിഫിക്കേഷന്‍ വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിര്‍മാണക്കമ്പനി.
ജനനായകന്‍റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് ഇതുവരെയും നല്‍കിയില്ലെന്നാണ് ആക്ഷേപം. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡ്ഡെ,ബോബി ഡിയോള്‍, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അഡ്വാന്‍സ് ബുക്കിങായി ആഗോളതലത്തില്‍ ഇതുവരെ 35 കോടി രൂപയാണ്ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയില്‍ മാത്രം ഏഴ് കോടി ലഭിടച്ചെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഒരു ലക്ഷം ടിക്കറ്റുകളാണ് ഇന്ത്യയിലെങ്ങും ഇതുവരെ വിറ്റുപോയത്. കര്‍ണാടകയിലാണ് ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിഞ്ഞത്. നാലു കോടിയുടെ ടിക്കറ്റുകള്‍ കര്‍ണാടകയില്‍ വിറ്റുപോയി. പുലര്‍ച്ചെ ബെംഗളൂരുവിലെ ഷോയ്ക്കായി 2000 രൂപവരെയാണ് ടിക്കറ്റ് വില ഉയര്‍ന്നത്. എന്നിട്ടും ആളുകള്‍ ബുക്കിങ് തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹിന്ദിയില്‍ 'ജന നേതാ' എന്ന പേരിലാകും ചിത്രം തിയറ്ററുകളിലെത്തുക.