AI Generated Image, Representing
അമ്മയോട് പിണങ്ങി രാത്രിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് ഓടുന്ന വാനില്‍ ക്രൂരപീഡനം. തിങ്കളാഴ്ച്ച രാത്രി ഫരീദാബാദിലാണ് 25കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ യുവതിയുടെ മുഖം തകര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട്ടില്‍ നിന്നും അമ്മയോട് വഴിക്കിട്ടിറങ്ങിയത്. സുഹൃത്തിനെ കാണാൻ വേണ്ടിയാണ് പുറത്തേക്ക് പോയതെങ്കിലും വാഹനങ്ങളൊന്നും ലഭിച്ചില്ല. അര്‍ധരാത്രിയാകും മുന്‍പ് തിരിച്ചുവരാമെന്ന് കരുതിയാണ് പുറത്തേക്ക് പോയതെന്ന് യുവതി അപകടശേഷം സഹോദരിയോട് പറഞ്ഞു. ഏറെ നേരം നിന്ന ശേഷമാണ് ഒരു വാന്‍ കിട്ടിയത്. ലിഫ്റ്റ് വാഗ്ദാനം ചെയ്തപ്പോള്‍ യുവതി മറ്റു മാര്‍ഗങ്ങളില്ലാതെ വാനില്‍ കയറുകയായിരുന്നു.
തന്റെ വീട്ടില്‍ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും വാനിലുണ്ടായിരുന്ന രണ്ടുപേര്‍ തന്നെ ആളൊഴിഞ്ഞ ഭാഗങ്ങളിലൂടെ കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. വാഹനത്തിൽ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികൾ പെൺകുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതികള്‍ യുവതിയെ ആളൊഴിഞ്ഞ മേഖലയിലേക്ക് വലിച്ചെറിയുകയായിരുന്നു.
വീഴ്ചയിൽ മുഖമടിച്ചുവീണ യുവതിയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ഒരു വിധത്തില്‍ യുവതി സഹോദരിയെ വിളിച്ചറിയിച്ചു. ഉടന്‍ തന്നെ സഹോദരിയെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ ചികിത്സകള്‍ക്കായി ഡോക്ടര്‍മാര്‍ ഡല്‍ഹി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും കുടുംബം യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.