ഉത്തർപ്രദേശ് ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിന് പിന്നിൽ പ്രണയവും പ്രതികാരവുമെന്ന് തെളിയിച്ച് പൊലീസ്. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ കൊലപാതകമായിരുന്നു അനിതാ ചൗധരിയുടേത്. ജനുവരി നാലിന് നവാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ സകുൻവ ധുക്വാൻ കോളനിക്ക് സമീപമാണ് അനിത വെടിയേറ്റ് മരിച്ചത്. രക്തത്തിൽ കുളിച്ച നിലയിൽ റോഡില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തുതന്നെ ഓട്ടോറിക്ഷയും മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
കൊലപാതകത്തിനു പിന്നാലെ അനിതയുടെ ഭര്‍ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് ഝാ, ശിവം, മനോജ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ശിവം, മനോജ് എന്നിവരെ ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും മുഖ്യപ്രതിയായ മുകേഷ് ഝാ പിടിയിലായത് പിന്നീടാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്– ഏഴു വര്‍ഷം മുന്‍പ് മുകേഷ് ഝായും അനില ചൗധരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെങ്കിലും, ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. താമസിയാതെ അനില ബന്ധം ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് പ്രതി പറയുന്നു. അന്നുമുതല്‍ താന്‍ അനിലയെ തേടി നടക്കുകയാണെന്നാണ് ലഭിച്ച മൊഴി. അനില ഓട്ടോറിക്ഷയുമായി പോകുന്നതിനിടെയാണ് പ്രതികള്‍ വളഞ്ഞിട്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.