കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ യുവാക്കളുള്‍പ്പെടെ ആകൃഷ്ടരായി. അതേസമയം വഞ്ചനയാണെന്ന് തിരിച്ചറിയും മുന്‍പേ ഇരകളുടെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു.
കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകി നിരപരാധികളെ ചതിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് നവാഡ സ്വദേശിയായ രഞ്ജന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഒപ്പം പ്രായപൂർത്തിയാകാത്ത ഒരാളെ സൈബർ ക്രൈം കുറ്റങ്ങൾ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും ജോലിയുടേയും വായ്പയുടേയും മറവില്‍ നടന്ന യഥാര്‍ത്ഥ തട്ടിപ്പായിരുന്നു ഇത്. ‘പ്ലേ ബോയ് സര്‍വീസ്’ എന്ന തരത്തിലുള്ള പേരുകളും ഇവര്‍ ഉപയോഗിച്ചിരുന്നു. ധനി ഫൈനാൻസ്', എസ്ബിഐ കുറഞ്ഞ പലിശവായ്പ എന്നിങ്ങനെ വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തിയിരുന്നത്. വ്യാജ പരസ്യങ്ങൾ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കപ്പെട്ടു.
സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പുരുഷന്മാർക്ക് 10 ലക്ഷം രൂപയാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. ലക്ഷ്യം പരാജയപ്പെട്ടാല്‍പ്പോലും പകുതി പണം നല്‍കുമെന്ന ഉറപ്പും തട്ടിപ്പുകാര്‍ നല്‍കി. പുരുഷന്‍മാരെ വീഴ്ത്താന്‍ വനിതാ മോഡലുകളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് ഇവരുമായി സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിക്കുകയും ചെയ്തു.
ഇതിനിടെ തട്ടിപ്പുകാര്‍ വച്ച കെണി മറ്റൊന്നായിരുന്നു. രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ താരിഫ് എന്നീ പേരുകളിലായിരുന്നു യഥാര്‍ത്ഥ തട്ടിപ്പ്. ഈ ഫീസുകള്‍ ആദ്യഘട്ടത്തില്‍ അടയ്ക്കണമെന്നതായിരുന്നു ആവശ്യം. ഇരകളായ പലര്‍ക്കും സമ്പാദ്യം നഷ്ടപ്പെട്ടു. നാണക്കേട് ഭയന്ന് പലരും പൊലീസിനെ സമീപിക്കാനും പരാതിപ്പെടാനും ഭയന്നു. തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് അഭിനവ് ധിമാൻ അറിയിച്ചു. സമാനമായ നിരവധി സൈബർ തട്ടിപ്പുകള്‍ മുൻപും നവാഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
മുന്‍പും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും തട്ടിപ്പുകളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സൗജന്യ ലൈംഗികബന്ധവും പണവും എന്ന വാഗ്ദാനത്തില്‍ പുരുഷന്‍മാര്‍ വീണു പോകുന്നതായാണ് പൊലീസ് പറയുന്നത്. സോഷ്യല്‍മീഡിയ വഴി ഇനി ഇത്തരം പരസ്യങ്ങളോ സംഭവങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ ഉടനടി അറിയിക്കണമെന്ന് നവാഡ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിഷു മല്ലിക് അറിയിച്ചു.