up-house

AI Generated Image

വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അഞ്ചുവർഷത്തോളം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു. ഇവരെ പരിചരിക്കാൻ നിർത്തിയ ദമ്പതികളാണ് ഈ ക്രൂരത ചെയ്തത്. ഒടുവില്‍ മകളെ തനിച്ചാക്കി പിതാവ് മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. 

വിരമിച്ച റെയിൽവേ ക്ലർക്കായ ഓംപ്രകാശ് സിംഗ് റാത്തോഡും മകൾ രശ്മിയും 2016-ൽ ഓംപ്രകാശിന്റെ ഭാര്യ മരിച്ചതിന് ശേഷം മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇവരെ പരിചരിക്കാനായി രാം പ്രകാശ് കുശ്വാഹ, ഭാര്യ രാംദേവി എന്നിവരെ കുടുംബം നിയമിച്ചു. പരിചരണത്തിനായി എത്തിയ ദമ്പതികൾ വീട് കൈയടക്കുകയും ഓംപ്രകാശിനെയും മകളെയും താഴത്തെ മുറികളിൽ പൂട്ടിയിടുകയും ചെയ്തു. ഇവർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചു. 

ബന്ധുക്കൾ കാണാൻ വരുമ്പോൾ ഓംപ്രകാശിന് ആരെയും കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ദമ്പതികൾ അവരെ മടക്കി അയക്കുമായിരുന്നു. തിങ്കളാഴ്ച ഓംപ്രകാശിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഓംപ്രകാശിന്റെ ശരീരം പട്ടിണി കിടന്ന് ശുഷ്കിച്ചിരുന്നു. ഇരുട്ടുമുറിയിൽ നഗ്നയായ അവസ്ഥയിലാണ് മകൾ രശ്മിയെ കണ്ടെത്തിയത്. ആഹാരം ലഭിക്കാത്തതിനാൽ 27 വയസ്സുള്ള അവളുടെ ശരീരം 80 വയസ്സായ വൃദ്ധയെപ്പോലെ അസ്ഥികൂടം മാത്രമായി മാറിയിരുന്നു.

ഓംപ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. എല്ലും തോലുമായി മാറിയ രശ്മിയെ കുടുംബാംഗങ്ങൾ ഏറ്റെടുത്ത് പരിചരിക്കുകയാണ്. പ്രതികൾക്കെതിരെ കർശനമായ ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Uttar Pradesh house arrest case involves the tragic story of a retired railway official and his mentally challenged daughter, held captive and abused by a couple hired to care for them. The father succumbed to the ordeal, and his daughter was found in a severely malnourished state.