പ്രമുഖ കന്നഡ, തമിഴ് ടെലിവിഷൻ താരം നന്ദിനി സി.എം ബെംഗളൂരുവിലെ വസതിയിൽ ജീവനൊടുക്കി. 'ജീവ ഹൂവഗിഡെ', 'സംഘർഷ', 'ഗൗരി' തുടങ്ങിയ പ്രശസ്തമായ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ മരണം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കുടുംബത്തിൽ നിന്നുള്ള കടുത്ത വിവാഹ സമ്മർദ്ദവും താരം നേരിട്ടിരുന്ന മാനസിക വിഷമങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവായി സ്വീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച മറ്റ് കാരണങ്ങളെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.
തമിഴിലെ 'ഗൗരി' എന്ന സീരിയലിലെ നന്ദിനിയുടെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിലെ ഒരു രംഗത്തിൽ നന്ദിനിയുടെ കഥാപാത്രം വിഷം കഴിക്കുന്നതായി ചിത്രീകരിച്ചിരുന്നു. എന്നാൽ ഈ സീനും യഥാർത്ഥ മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നന്ദിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.