പുകമഞ്ഞിൽ വീര്‍പ്പ് മുട്ടി ഡല്‍ഹി. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ച പരിധി താഴ്ന്നതോടെ 128 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എട്ടെണ്ണം വഴിതിരിച്ച് വിട്ടു. ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുകയാണ്. നോയിഡയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
അന്തരീക്ഷ മലിനീകരണം 400ന് മുകളില്‍ ഗുരുതരാവസ്ഥയിലും തണുപ്പ് 10 ഡിഗ്രിക്ക് താഴെയും എത്തിയതോടെ ജനം വലഞ്ഞു. കാഴ്ച പരിധി പലയിടത്തും പൂജ്യത്തിലെത്തി. വൈകിയാണ് വിമാന ട്രെയിൻ സർവീസുകൾ തുടരുന്നത്. സന്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് വിമാന കമ്പനികളും റെയില്‍വെയും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി
മലിനീകരണം ചൂണ്ടിക്കാട്ടി പ്രമുഖ മരുന്ന് കമ്പനിയായ അകുംസ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജ്കുമാർ ബഫ്ന സ്ഥാനമൊഴിഞ്ഞു. കടുത്ത തണുപ്പും മലിനീകരണവും കണക്കിലെടുത്ത് നോയിഡയിലെ എല്ലാ സ്കൂളുകൾക്കും ജനുവരി 1 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു . ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിൽ ശൈത്യതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.