വയനാടൻ യാത്രയുടെ ചിത്രങ്ങളുമായി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ പുറത്തിറങ്ങി. കലണ്ടറിനെ കളിയാക്കി മന്ത്രി വി.ശിവൻകുട്ടി അടക്കമുളള ഒട്ടേറെ ഇടതു പ്രൊഫൈലുകളിൽ നിന്ന് ട്രോളുകളുമെത്തി.
എം.പി.ആയതിനു ശേഷം പ്രിയങ്ക ഗാന്ധി വയനാട്ടിൽ നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ പുറത്തിറക്കിയത്. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിലെ മുഖചിത്രം. വണ്ടൂരിൽ വച്ച് നടന്ന ചടങ്ങിൽ കലണ്ടറിന്റെ പ്രകാശന കർമം കെപിസിസി വർക്കിങ് പ്രസിഡൻ്റ് എപി അനിൽകുമാർ എം.എൽ.എ. നിർവഹിച്ചു.
വയനാട്ടിലെ കോൺഗ്രസിന്റെ ഭവന നിർമാണ പദ്ധതിയെ കളിയാക്കിയാണ് ട്രോളുകളെല്ലാം. പിരിച്ച പൈസ കൊണ്ട് അവർ കലണ്ടർ റെഡിയാക്കി എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ ട്രോൾ. വയനാട്ടിൽ എംപി ടൂർ അടിച്ചതിന്റെ ഫോട്ടോ എന്നും, കോൺഗ്രസിന്റെ വീട് കിട്ടിയില്ലെങ്കിൽ എന്താ തൂക്കാൻ കലണ്ടർ ഉണ്ടല്ലോ തുടങ്ങി ട്രോളുകൾ നിറയുന്നത് പ്രിയങ്ക ഗാന്ധിയുടെ കലണ്ടറിന് പരസ്യം ആകുന്നുണ്ട്.