ആര്‍എസ്എസ് സംഘടന മാതൃക ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ശാക്തീകരിക്കണമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പ്രത്യയശാസ്ത്രത്തില്‍ ഒറ്റക്കെട്ടെന്നും പാര്‍ട്ടിയെ ശക്തിപെടുത്താന്‍ താഴെ തട്ടില്‍ നിന്നുള്ള നടപടികള്‍ രാഹുല്‍ ഗാന്ധി ആരംഭിച്ചിട്ടുണ്ടെന്നും ദിഗ് വിജയ് സിങ് പ്രതികരിച്ചു. ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപി നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദിഗ്വിജയ് സിങിന്റെ ആദ്യ പ്രസ്താവനയെ ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ പിന്തുണച്ചതോടെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ആർ.എസ്.എസിന്റെ സംഘാടന പാടവം അഭിനന്ദനാര്‍ഹമാണെന്നും രജിസ്റ്റർ ചെയ്യപ്പെടാത്ത സംഘടനയാണ് ഇത്രയധികം ശക്തമായിരിക്കുന്നത് എന്നുമുള്ള ഇന്നലത്തെ നിലപാട് രാവിലെയും ആവര്‍ത്തിച്ച ദിഗ്വിജയ് സിങ് പെട്ടെന്നാണ് മലക്കം മറിഞ്ഞത്.
ദിഗ് വിജയ് സിങ് തലയൂരി എങ്കിലും ആദ്യ പ്രസ്താവനയെ ചൊല്ലി രണ്ട് പക്ഷമായി തിരിഞ്ഞ് വാഗ്വാദത്തിലാണ് പാര്‍ട്ടി നേതാക്കള്‍. നേരത്തെ പാര്‍ട്ടിയില്‍ രൂപപ്പെട്ട G23 അംഗങ്ങളായിരുന്ന ശശി തരൂരും ടിഎസ് സിങ് ദേവും കോണ്‍ഗ്രസിനെ ശാക്തീകരിക്കേണ്ടത് അനിവാര്യതയാണെന്നും ആര്‍എസ്എസ് സംഘടന മാതൃക സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും പ്രതികരിച്ച് അനുകൂലിച്ചെത്തി.
വിദ്വേഷവും ഗോഡ്സെ ആശയങ്ങളും തുടരുന്ന RSS നിന്ന് എന്ത് ഉള്‍ക്കൊള്ളാനാണെന്നും 140 വര്‍ഷത്തെ പോരാട്ട ചരിത്രമുള്ള കോൺഗ്രസില്‍ നിന്ന് RSS ആണ് പഠിക്കേണ്ടതെന്നുമാണ് മറ്റ് നേതാക്കളുടെ മറുപടി.
രാജ്യസഭാ കാലാവധി അവസാനിക്കാറായതും മധ്യപ്രദേശ് പുനസംഘടനയിലെ അത്യപ്തിയുമാണ് ദിഗ് വിജയ് സിംഗിന്റെ ആദ്യ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് സൂചന.